ബീഹാറിലെ മൊകാമയില്‍ വിവിധ വികസന പദ്ധതികളുടെ രൂപരേഖകള്‍ പ്രധാനമന്ത്രി നോക്കിക്കാണുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ സമീപം
പാട്‌ന: ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കേും ബീഹാര്‍ ഇന്ത്യയില്‍ ഏറ്റവും അധികം പുരോഗതിയുള്ള സംസ്ഥാനമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ബീഹാറിന്റെ സമഗ്ര വികസനത്തിനു പുരോഗതിക്കും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചെയ്യുന്ന കഠിന പ്രയത്‌നത്തെ മോദി പ്രശംസിച്ചു. പാട്‌ന സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിതീഷും മോദിയും വേദി പങ്കിട്ടത്തും ശ്രദ്ധേയമായി. എന്‍ഡിഎ വിട്ട നിതീഷ് അടുത്ത കാലത്താണ് മടങ്ങിയെത്തിയത്. മോദിയോട് ഉണ്ടായിരുന്ന എതിര്‍പ്പുകളഞ്ഞ് നിതീഷ് അദ്ദേഹവുമായി തികഞ്ഞ സൗഹൃദത്തില്‍ ആകുകയും ചെയ്തിരുന്നു. മുന്‍പ് മോദിക്കൊപ്പം വേദി പങ്കിടാന്‍ പോലും വിസമ്മതിച്ചിരുന്ന നിതീഷ് അടുത്തടുത്താണ് ഇരുന്നതും. എന്‍ഡിഎയില്‍ മടങ്ങി വന്നശേഷം ആദ്യമായാണ് ഇരുവരും വേദി പങ്കിടുന്നത്.
ബീഹാറിന്റെ പുരോഗതിക്ക് നിതീഷ് കാട്ടുന്ന പ്രതിബദ്ധത പ്രശംസനീയമാണ്. ബീഹാറിന്റെ വികസനത്തിന് പ്രധാന്യം നല്‍കാന്‍ കേന്ദ്രവും ഒരുക്കമാണ്. ഗംഗയും ജ്ഞാനവും കൊണ്ട് അനുഗ്രഹീതമാണ് ബീഹാര്‍. മറ്റാര്‍ക്കുമില്ലാത്ത പാരമ്പര്യം ഉള്ളനാടാണിത്. അദ്ദേഹം പറഞ്ഞു.
നമ്മുടെ സര്‍വ്വകലാശാലകള്‍ പരമ്പരാഗത അധ്യാപന രീതിയില്‍ നിന്ന് ബഹുദൂരം മുന്നേറേണ്ടതുണ്ട്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ കണ്ടെത്താന്‍ യുവാക്കള്‍ക്ക് കഴിയണം. അതിന് അവര്‍ ബദ്ധശ്രദ്ധരാകണം. ചടങ്ങില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പങ്കെടുത്തു. കേന്ദ്രമന്ത്രിയെന്ന നിലയ്‌ക്കല്ല, പൂര്‍വ്വ വിദ്യാര്‍ഥിയെന്ന നിലയ്‌ക്കാണ് താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ രാം വിലാസ് പാസ്വാന്‍, അശ്വിനി ചൗബേ, ഉപേന്ദ്ര കുശ്‌വ തുടങ്ങിയവരും പങ്കെടുത്തു. ഇവിടെ നിന്ന് മൊകാമയിലേക്ക് പോയ മോദി 3700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.
















