ന്യൂദല്‍ഹി: ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണത്തില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി വിമാനങ്ങളില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനമായ ചാറില്ലാത്ത വിഭവങ്ങള്‍ ട്രെയിനില്‍ നല്‍കാനാണ് തീരുമാനം. ഭക്ഷണത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇതേക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ റെയില്‍വേ കമ്മിറ്റി മെനു പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചു.
പെട്ടന്ന് തയ്യാറാക്കി നല്‍കാന്‍ സാധിക്കുന്ന ഭക്ഷണങ്ങള്‍ ട്രെയിനുകളില്‍ നല്‍കാന്‍ റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ചാറില്ലാത്ത ഭക്ഷണമായിരിക്കണം നല്‍കേണ്ടത്. വെജിറ്റബിള്‍ ബിരിയാണി, രാജ്മാ ചോറ്, ഹക്കാ ന്യൂഡില്‍സ്, പുലാവ്, ലഡു തുടങ്ങിയ ഭക്ഷണങ്ങളാണ് കമ്മറ്റി ശുപാര്‍ശ ചെയ്യുന്നത്. മെനു പരിഷ്‌കരിക്കുന്നതോടാപ്പം വില കുറക്കുന്നതിനടക്കം നടപടിയുണ്ടാകും.
യാത്രക്കാരില്‍ നിന്ന് പ്രതികരണങ്ങള്‍ നേരിട്ടറിഞ്ഞ ശേഷം അതനുസരിച്ച് ഭക്ഷ മെനുവില്‍ മാറ്റം വരുത്താനും റെയില്‍വേയ്‌ക്ക് പദ്ധതിയുണ്ട്. അതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ടാബ്ലറ്റുകള്‍ നല്‍കി പ്രതികരണങ്ങള്‍ ഓണ്‍ലൈനായി ശേഖരിക്കാനാണ് തീരുമാനം. തുടക്കത്തില്‍ അഹമ്മദാബാദ്-ദല്‍ഹി രാജധാനിയിലായിരിക്കും പരീക്ഷണം നടത്തുക.
















