കോട്ടയം: ലോകകാഴ്ച ദിനത്തിന്റെ ഭാഗമായി കോട്ടയത്ത് ബ്ലൈന്‍ഡ് വോക്ക് നടത്തി. തിരുനക്കര മൈതാനത്തുനിന്നും ബസേലിയസ് കോളജ് മൈതാനിയില്‍ എത്തിച്ചേര്‍ന്ന അന്ധനടത്തം സഹജീവികള്‍ക്ക് സ്‌നേഹം തുടിക്കുന്ന വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് പട്ടണം സാക്ഷിയായി. തിരുനക്കര മൈതാനത്തു നിന്ന് ആരംഭിച്ച അന്ധനടത്തം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു.
കറുത്തതുണി കൊണ്ട് കണ്ണുകള്‍ മൂടിക്കെട്ടിയ കാഴ്ചയുള്ളവരെ നയിച്ചത് നൂറില്‍പ്പരം അന്ധതബാധിച്ചവരാണ്. കാഴ്ചയില്ലാത്തവര്‍ നയിച്ച ബ്ലൈന്‍ഡ് വോക്ക് കാഴ്ചയുള്ളവര്‍ക്ക് അന്ധതയുടെ ദുരിതവും ബുദ്ധിമുട്ടുകളും മനസിലാക്കുന്നതിനുള്ള നന്മയുടെ ബോധവല്‍ക്കരണ പാഠങ്ങളില്‍ പുതിയ അദ്ധ്യായം കുറിച്ചു. ബ്ലൈന്‍ഡ് ഫെഡറേഷനില്‍ നിന്നും സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്നും എത്തിച്ചേര്‍ന്ന അന്ധരായ സഹോദരങ്ങളെ ആദരിക്കുകയും ഗായകനായ മറിയപ്പള്ളി ഗോപകുമാര്‍ ഗാനം ആലപിക്കുകയും ചെയ്തു.
മര്‍ച്ചന്റ് അസോസിയേഷന്‍, എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍, മാള്‍ ഓഫ് ജോയ്, വാസന്‍ ഐ കെയര്‍ ഹോസ്പിറ്റല്‍, ബസേലിയസ് കോളജ് , സി.എം.എസ്. കോളജ്, ബി.സി.എം. കോളജ്, ദര്‍ശന സാംസ്‌കാരിക കേന്ദ്രം, ദര്‍ശന അക്കാദമി എന്നീ സ്ഥാപനങ്ങളിലെ അംഗങ്ങള്‍പങ്കെടുത്തു. പ്രൊജക്ട് വിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് കണ്ണന്താനം കാഴ്ചദിനാചരണ സന്ദേശം നല്‍കി. ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍, ജേക്കബ് പണിക്കര്‍, പ്രോജക്ട് വിഷന്‍ പ്രവര്‍ത്തകരായ ബേബിച്ചന്‍ ഏര്‍ത്തയില്‍, ബസേലിയസ് കോളജ് എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ തോമസ് കുരുവിള എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
















