ന്യൂദല്‍ഹി: പത്ത് പ്രധാന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയുടെ നിര്‍ദ്ദേശം. അനൗപചാരികമേഖല, ധനകാര്യ ചട്ടക്കൂട്, സാമ്പത്തിക നയം, പൊതുചെലവ്, സാമ്പത്തിക ഭരണ നിര്‍വ്വഹണസ്ഥാപനങ്ങള്‍, കൃഷിയും മൃഗസംരക്ഷണവും, ഉപഭോഗമാതൃകകള്‍, ഉല്‍പ്പാദനം, സാമൂഹ്യരംഗം എന്നിവയാണ് മറ്റ് മേഖലകള്‍.
വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാനങ്ങള്‍, വിദഗ്‌ദ്ധര്‍, സ്വകാര്യമേഖലയുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും. ത്വരിത സാമ്പത്തിക വളര്‍ച്ചക്കുള്ള മാര്‍ഗ്ഗരേഖ യോഗം വിലയിരുത്തി. സമിതിയുടെ ആദ്യ യോഗമാണ് ചേര്‍ന്നത്.
ആറു മാസത്തിനുള്ളില്‍ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള മുന്‍ഗണനകള്‍ നിശ്ചയിച്ച് നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും ഊന്നല്‍ നല്‍കേണ്ട മേഖലകളും നിതി ആയോഗ് അംഗം ഡോ. ബിബേക് ദെബ്രോയ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ വിലയിരുത്തി. നിക്ഷേപവും കയറ്റുമതിയും വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം കൂട്ടുന്നതിന് ആവശ്യമായ നയപരമായ കാര്യങ്ങള്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യം വിശദീകരിച്ചു.
സമിതിയുടെ യോഗം നവംബറില്‍ വീണ്ടും ചേരുമെന്ന് ദെബ്രോയി പറഞ്ഞു. അടുത്ത ഏതാനും മാസം ബജറ്റ് തയ്യാറാക്കുന്നതിനാണ് പ്രാധാന്യം. നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളുമായി ചര്‍ച്ച ചെയ്യും. ധനകാര്യവിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ആര്‍ബിഐയുമായി ചര്‍ച്ച ചെയ്യാറുണ്ട്. ധനമന്ത്രാലയത്തിന് സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്ന പതിവില്ല. പ്രധാനമന്ത്രിക്കാണ് നല്‍കുക, അദ്ദേഹം വ്യക്തമാക്കി.
















