ന്യൂദല്‍ഹി: എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ലോക്കായി പണമില്ലാതെ കാഞ്ചീപുരത്ത് ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷ യാചിച്ച റഷ്യന്‍ പൗരനു സഹായവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇരുപത്തിനാലുകാരനായ ഇവാഞ്ചലിന് ഉടന്‍ സഹായമെത്തിക്കാന്‍ ചെന്നൈയിലെ ഉദ്യോഗസ്ഥര്‍ക്ക് സുഷമ നിര്‍ദേശം നല്‍കി. ഇക്കാര്യം സുഷമ ട്വീറ്റ് ചെയ്തു.
ഇവാഞ്ചലിന്‍, താങ്കളുടെ രാജ്യം ഞങ്ങളുടെ എക്കാലത്തെയും സുഹൃത്താണ്. ചെന്നൈയിലെ ഉദ്യോഗസ്ഥര്‍ താങ്കള്‍ക്ക് സഹായമെത്തിക്കും. എന്നായിരുന്നു ട്വീറ്റ്. റഷ്യയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍ കാഞ്ചീപുരം ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷ യാചിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
സപ്തംബര്‍ 24നാണ് ഇവാഞ്ചലിന്‍ ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ ശനിയാഴ്ച ചെന്നൈയില്‍ നിന്ന് കാഞ്ചീപുരത്ത് എത്തി. പിന്നീട് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ലോക്കായി എന്നറിയുന്നത്. ഏറെ അസ്വസ്ഥനായ ഇവാഞ്ചലിന്‍ കുമരകോട്ടംക്ഷേത്രത്തിനു മുന്നിലിരുന്ന് പണം ചോദിച്ചു. വിവരമറിഞ്ഞെത്തിയ ശിവ കാഞ്ചി പോലീസ് ഇവാഞ്ചലിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. വിസയും പാസ്‌പോര്‍ട്ടും പരിശോധിച്ചു. ചെന്നൈയിലേക്കുള്ള യാത്രയ്‌ക്കു പണവും നല്‍കി.
















