പാലാ: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനായുള്ള പാലാ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അന്തിമ രൂപം നല്‍കി. പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്ന കായികോത്സവ സംഘാടക സമിതി കണ്‍വീനര്‍മാരുടെ യോഗമാണ് ഓരോ സമിതിക്കുമായുള്ള ചുമതലകള്‍ വീതിച്ചു നല്‍കിയത്. പവലിയന്‍ നിര്‍മ്മാണം, വി.ഐ.പി. ഗ്യാലറി, മെഡിക്കല്‍ സൗകര്യങ്ങള്‍, ദീപശിഖ സ്ഥാപിക്കല്‍ എന്നിവയ്‌ക്കായുള്ള സ്ഥലനിര്‍ണ്ണയം പൂര്‍ത്തിയായി. മത്സരത്തില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കായുള്ള സൗകര്യങ്ങളുടെ ക്രമീകരണം, ഭക്ഷണവിതരണം, പരിശീലന സൗകര്യങ്ങള്‍ എന്നിവയ്‌ക്കായുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. അഡീഷണല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജസ്സി ജോസഫ്, കായിക വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
















