ന്യൂദല്‍ഹി; പതിനെട്ടു വയസില്‍ താഴെയുള്ള ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ബലാത്സംഗമായി തന്നെ കണക്കാക്കുമെന്ന് സുപ്രീം കോടതി. അത്തരം സംഭവങ്ങളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഭാര്യ പരാതി നല്‍കിയാല്‍ മതിയാകുമെന്നും, ചരിത്രം കുറിച്ചുള്ള വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കി.
നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന്, 18 തികയാത്ത ഭാര്യ ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കിയാല്‍ പോലീസ് നടപടി എടുത്തേ പറ്റൂ. പ്രായം തികയാത്ത ഭാര്യയുമായി ലൈംഗിക ബന്ധം അനുവദിക്കുന്ന നിയമം നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേ കോടതി വ്യക്തമാക്കി. വിധിക്ക് ഭാവിയില്‍ വലിയ മാനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി നടന്നു കഴിഞ്ഞ വിവാഹങ്ങളെ ഇത് കാര്യമായി ബാധിക്കില്ലെന്നും നിരീക്ഷിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പില്‍ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ശാരീരിക ബന്ധം ബലാത്സംഗമാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ 15 വയസിനു മുകളിലുള്ള ഭാര്യയുമായി അവളുടെ സമ്മത പ്രകാരമോ അല്ലാതെയോ ഉള്ള ബന്ധം മാനഭംഗമല്ലെന്നും ഇതേ വകുപ്പിന്റെ രണ്ടാം അനുഛേദത്തില്‍ പറയുന്നുണ്ട്. ഇതില്‍ വൈരുധ്യമുണ്ട്. ഈ വ്യവസ്ഥ ശൈശവ വിവാഹ നിയമത്തിന്എതിരാണ്. ശൈശവ വിവാഹ നിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞ പ്രായം പതിനെട്ടും ആണ്‍കുട്ടികള്‍ക്ക് ഇരുപത്തൊന്നുമാണ് നിശ്ചയിച്ചിട്ടുള്ളത്, ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
നിയമങ്ങളിലെ ഈ വൈരുധ്യം ചൂണ്ടിക്കാട്ടി പാര്‍ലമെന്റ്, സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിനുള്ള പ്രായം പതിനെട്ടായി ഉയര്‍ത്തിയിരുന്നു. നടപടിയുടെ പരിണിത ഫലങ്ങളെക്കുറിച്ച് പെണ്‍കുട്ടിക്ക് ബോധ്യം വരാനുള്ള പക്വത പതിനാറാം വയസില്‍ ലഭിക്കില്ലെന്നതിനാലാണ് പ്രായം 18 ആയി ഉയര്‍ത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെ സംരക്ഷിക്കുന്ന 375ാം വകുപ്പിലെ രണ്ടാം അനുഛേദം ഭരണഘടനാ വിരുദ്ധമാണ്, പ്രായപൂര്‍ത്തിയാകാത്ത ഭാര്യമാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശൈശവ വിവാഹങ്ങള്‍ ഇന്ത്യയില്‍ ധാരാളം നടക്കുന്നുണ്ടെന്നും 230 ലക്ഷം കുട്ടിവധുക്കളുണ്ടെന്നും കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
















