നെടുമ്പാശ്ശേരി: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നാല് കേസുകളിലായി 43 ലക്ഷത്തിന്റെ ഒന്നര കിലോ സ്വര്‍ണം പിടികൂടി. ഒരു വിദേശ വനിതയും മൂന്ന് മലപ്പുറം സ്വദേശികളുമാണ് പിടിയിലായത്. സുഡാന്‍ സ്വദേശിനി അടിവസ്ത്രത്തിലും മറ്റുള്ളവര്‍ മലദ്വാരത്തിലുമാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്തിയത്. സൗദി എയര്‍ലൈന്‍സില്‍ സിംഗപ്പൂരില്‍ നിന്ന് വന്ന സുഡാന്‍ സ്വദേശിനി നസ്രദിനില്‍ നിന്നും 470 ഗ്രാം സ്വര്‍ണവും പിടികൂടി.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി അബ്ദുള്‍ ബാസിതില്‍ നിന്ന് 233 ഗ്രാം, മിലിന്റോ എയര്‍ലൈന്‍സില്‍ ക്വലാലംപൂരില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി ഹുസൈന്‍ പോളക്കലില്‍ നിന്ന് 200 ഗ്രാം, ടൈഗര്‍ എയര്‍ ഫ്‌ളൈറ്റില്‍ സിംഗപ്പൂരില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 500 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. ആദ്യമായിട്ടാണ് സുഡാന്‍ സ്വദേശിനി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയിലാകുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. അസി. കസ്റ്റംസ് കമ്മീഷണര്‍ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്.
















