രാജാക്കാട്: ദിവസേന നൂറ്കണക്കിന് സഞ്ചാരികള്‍ കടന്നുപോകുന്ന മൂന്നാര്‍ – മാട്ടുപ്പെട്ടി റൂട്ടില്‍ മഴയില്‍ ഇടിഞ്ഞ് വീണ മണ്ണ് നീക്കുവാന്‍ നടപടിയില്ല. കൊടുംവളവുകളിലടക്കം ഇടിഞ്ഞ് വീണിരിക്കുന്ന മണ്ണ് അപകട ഭീഷിണിയായി മാറിയിരിക്കുകയാണ്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോപോയിന്റ്, കുണ്ടള തുടങ്ങിയ പ്രദേശങ്ങളിലേയ്‌ക്ക് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കടന്നുവരുന്നത്. റോഡിന് കുറുകെ കിടന്നിരുന്ന വലിയ മരങ്ങളില്‍ പലതും നാട്ടുകാര്‍ തന്നെയാണ് മുറിച്ച് നീക്കിയത്. എന്നാല്‍ മുറിച്ച് മാറ്റിയ മരത്തിന്റെ കുറ്റികളും മണ്ണും ഇപ്പോളും റോഡില്‍ തന്നെ കിടക്കുകയാണ്. അതുകൊണ്ട് തന്നെ വലിയ ടൂറിസ്റ്റ് ബസുകളടക്കം കഷ്ട്ടിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. മാത്രവുമല്ല വലിയ വളവില്‍ മണ്ണിടിഞ്ഞ് കിടക്കുന്നതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ കാണുവാനും സാധിക്കുന്നില്ല.
ഇത് നിരവധി അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ബസുകള്‍ കടന്നുപോകുമ്പോള്‍ റോഡിലേയ്‌ക്ക് നീണ്ട് നില്‍ക്കുന്ന മരക്കുറ്റികളില്‍ ഉരഞ്ഞ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭിക്കുന്നതും നിത്യസംഭവമാണ്.
അപകടക്കെണിയായി മാറിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടേയും ഡ്രൈവര്‍മാരുടേയും ശക്തമായ ആവശ്യം.
















