അടിമാലി: ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച കൃഷിവകുപ്പിന്റെ കെട്ടിടം വീണ്ടും നാശത്തിന്റെ വക്കില്‍. രാജാക്കാട് പഞ്ചായത്തിലെ കൃഷിഭവന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് മുല്ലക്കാനം സാന്‍ജോ കോളേജിന് എതിര്‍വശത്തായി കാടുകയറി നശിക്കുന്നത്. 1985ലാണ് ഈ കെട്ടിടത്തില്‍ മുല്ലക്കാനത്ത് കൃഷി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൃഷി വകുപ്പിന്റെ പ്രവര്‍ത്തനം പഞ്ചായത്തോഫീസിന്റെ സമീപത്ത് ലൈബ്രറി ഹാളിലെ ഇടുങ്ങിയ മുറിക്കുള്ളിലേക്ക് മാറ്റിയത്. മുല്ലക്കാനത്ത് ആളുകള്‍ക്ക് എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണെന്ന കാരണം പറഞ്ഞാണ് കൃഷി ഓഫീസിന്റെ പ്രവര്‍ത്തനം പഞ്ചായത്തോഫീസിന്റെ സമീപത്തേയ്‌ക്ക് മാറ്റിയത്. നശിച്ചുകൊണ്ടിരുന്ന മുല്ലക്കാനത്തെ കൃഷിവകുപ്പിന്റെ കെട്ടിടം രണ്ട് വര്‍ഷം മുമ്പാണ് മേല്‍ക്കൂര അടക്കം പൊളിച്ച് നീക്കി കോണ്‍ക്രീറ്റ് കെട്ടിടമാക്കിയത്. എന്നാല്‍ ലക്ഷക്കണക്കിന് രൂപ മുടക്കി കെട്ടിടം നവീകരിച്ചിട്ടും കൃഷി ഓഫീസ് ഇവിടേയ്‌ക്ക് മാറ്റുന്നില്ല. ഇപ്പോള്‍ ഈ കെട്ടിടത്തിന്റെ മതില്‍കെട്ടിനുള്ളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. കാടുകയറിത്തുടങ്ങിയ കെട്ടിടം നശിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
















