കണ്ണൂര്‍: തലശ്ശേരിക്കടുത്ത് എരഞ്ഞോളി മലാലില്‍ സിപിഎം ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. ജില്ലയില്‍ വ്യാപകമായി അക്രമം നടത്തുന്നതിന് മുന്നോടിയായി ബോംബ് നിര്‍മ്മാണം നടക്കുന്നതിനിടയിലാണ് മലാലില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും പോലീസിന്റെ സഹായത്തോടെ പരിക്കേറ്റവരെ രഹസ്യകേന്ദ്രത്തില്‍ ചികിത്സിപ്പിക്കുകയാണ് ചെയ്യുന്നത്. വലിയൊരു അക്രമത്തിന് കോപ്പുകൂട്ടുന്നതിനുള്ള ഗൂഡപദ്ധതിയുടെ ഭാഗമാണ് ബോംബ് നിര്‍മ്മാണം. സിപിഎമ്മിന്റെ ജില്ലയിലെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബോംബ് നിര്‍മ്മിച്ചത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ ബോംബ് നിര്‍മ്മാണത്തിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി ക്രിമിനലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും സിപിഎം ആജ്ഞാനുവര്‍ത്തികളായ പോലീസ് സംഭവസ്ഥലത്ത് കയറിച്ചെന്ന് പരിശോധന നടത്താനോ അനുബന്ധ നിയമനടപടികള്‍ സ്വീകരിക്കാനോ തയ്യാറാകാത്തത് ദുരൂഹതക്ക് കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള ബോംബ് നിര്‍മ്മാണം ജില്ലയുടെ പല മേഖലകളിലും നടക്കുന്നുണ്ടെന്നും ഇത് ബന്ധപ്പെട്ടവര്‍ ഗൗരവത്തോടെ എടുക്കണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു.
















