ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ സ്വദേശിയായ മൂന്നു വയസ്സുകാരിയുടെ കരള്‍ ശസ്ത്രക്രിയയ്‌ക്കായി മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി. അടിയന്തര കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്ത്ര ക്രിയയ്‌ക്കായി വിസ അനുവദിക്കണമെന്ന് കുട്ടിയുടെ ബന്ധു ഉസൈര്‍ ഹുമയൂണ്‍ എന്ന ലാഹോര്‍ സ്വദേശി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഗുരുതര കരള്‍ രോഗ ബാധിതയായ ലാഹോര്‍ സ്വദേശിനിയെ എത്രയും പെട്ടന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യയില്‍ എത്തിക്കുമെന്നും, ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും സുഷമ മറുപടി നല്‍കി.
അതിര്‍ത്തി പ്രശ്‌നങ്ങളാല്‍ ഇന്ത്യ- പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കൂടാതെ വിസ അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സുഷമ സ്വരാജിനെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
















