തിരുവനന്തപുരം: ആര്‍എസ്‌എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകകേസില്‍ ബിജെപി നേതാവിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ബന്ധുക്കളുടെ ആവശ്യം പോലീസ് സര്‍ക്കാരിനെ അറിയിച്ചു. കേസില്‍ കഴിഞ്ഞ ദിവസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ജില്ലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 100 പേജുള്ള കുറ്റപത്രത്തില്‍ 13 പ്രതികളാണ് ഉള്ളത്. പ്രതികള്‍ക്ക് രാജേഷിനോട് രാഷ്‌ട്രീയമായും വ്യക്തിപരമായും ഉള്ള വിരോധമാണ് കൊലക്ക് കാരണമെന്ന് പറയുന്നു. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആര്‍ പ്രതാപന്‍ നായര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 89 സാക്ഷികളും 100 രേഖകളും 61 തൊണ്ടി മുതലുകളും സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 29 ന് രാത്രി 9 മണിയോടെയാണ് പത്തോളം വരുന്ന സിപിഎം കൊലയാളികള്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേയ്‌ക്ക് സാധനം വാങ്ങാന്‍ കടയിലെത്തിയതായിരുന്നു രാജേഷ്. ഈ സമയം കടയ്‌ക്കു മുന്നിലെത്തിയ അക്രമികള്‍ രാജേഷിനെ കടയില്‍ നിന്നു വലിച്ചിറക്കി വെട്ടുകയായിരുന്നു.
















