പത്തനാപുരം: ചെമ്പനരുവിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. മരണവുമായി ബന്ധപ്പെട്ട് പിറവന്തൂര്‍ പഞ്ചായത്ത് മെമ്പര്‍ മാര്‍ക്കെതിരെയും ആരോപണം ശക്തമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെക്കണമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തി .
ചെരിപ്പിട്ടകാവ് കണ്ടത്തുംകരോട്ടു വീട്ടില്‍ തങ്കച്ച(72)നെ കഴിഞ്ഞ രണ്ടാം തീയതിയാണ് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. തങ്കച്ചന്റെ ശരീരത്തിലെ മുറിവുകളും പാടുകളും സംശയമുണര്‍ത്തുന്നു. തൂങ്ങിനില്‍ക്കുന്ന മൃതദേഹം മരത്തിലേക്ക് വലിച്ചുകയറ്റിയ നിലയിലായിരുന്നു. കൂടാതെ രക്തം ഒഴുകി പടര്‍ന്നതിലും ദൂരൂഹതയുളളതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഒരുദിവസത്തിന് ശേഷമാണ് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മൃതദേഹം അഴിച്ചിറക്കിയത് .
സ്വന്തം വീട്ടില്‍ പ്രവേശിക്കാനാകാതെ പെരുവഴിയില്‍ കഴിഞ്ഞിരുന്ന തങ്കച്ചന്റെ വാര്‍ത്ത ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങളായി പാട്ടത്തിന് കൊടുത്തുവന്ന തന്റെ പുരയിടത്തിലെ അഞ്ച് തെങ്ങുകള്‍ ഈ വര്‍ഷവും തങ്കച്ചന്‍ പാട്ടത്തിന് കൊടുത്തിരുന്നു. ഇത്തവണ ചെരിപ്പിട്ടകാവില്‍ കാന്റീന്‍ നടത്തുന്ന പ്രദേശവാസിക്കാണ് നല്‍കിയത്. അക്ഷരാഭ്യാസമില്ലാത്ത തന്നെ പത്തനാപുരത്ത് കൊണ്ടുപോയി പാട്ടക്കരാര്‍ എന്ന വ്യാജേന പലരേഖകളിലും ഒപ്പിട്ടു വാങ്ങിച്ചതായി തങ്കച്ചന്‍ പത്തനാപുരം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
പാട്ടക്കരാര്‍ തുകയായ 4000ത്തില്‍ 200 രൂപ മാത്രം പത്തനാപുരത്ത് വച്ച് നല്‍കുകയും ബാക്കി പണം ചെമ്പനരുവിയില്‍ വച്ച് നല്‍കാമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നു. എന്നാല്‍ പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ പാട്ടക്കാരനും പിറവന്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് തന്നെ മര്‍ദിച്ചതായും തങ്കച്ചന്‍ അന്ന് പറഞ്ഞിരുന്നു .ഇതിനിടെ വീടിന്റെയും വസ്തുവിന്റെയും കൈവശാവകാശം തങ്കച്ചന്‍ തനിക്ക് എഴുതി നല്‍കിയതായും പാട്ടക്കാരന്‍ നാട്ടില്‍ പ്രചരിപ്പിച്ചു.
പരാതിയുമായി പത്തനാപുരം പോലീസിനെ സമീപിച്ചെങ്കിലും നീതി കിട്ടിയില്ലെന്നും വയോധികന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് തങ്കച്ചന്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത് .
















