തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിവരാവകാശ നിയമപ്രകാരവും റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ സ്വീകരിച്ചുവരുന്ന നടപടിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. റിപ്പോര്‍ട്ട് പോലീസിനും കൈമാറിയിട്ടില്ല. കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോസര്‍ജനില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്. സംഭവത്തില്‍ ആരോപണവിധേയരായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ അന്വേഷണസംഘം ചോദ്യം ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയാണ് ചോദ്യം ചെയ്തത്.
കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയെ മാത്രം കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ കൂടി ചോദ്യം ചെയ്തത്.
ഗസ്റ്റ് ഏഴിന് രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.
















