ജനരക്ഷായാത്രയുടെ തലശേരിയിലെ സമാപന യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജനസഞ്ചയത്തെ ബിജെപി കേരള സഹ പ്രഭാരി നളിന്‍കുമാര്‍ കട്ടീല്‍ എംപി അഭിസംബോധന ചെയ്യുന്നു
മമ്പറം (കണ്ണൂര്‍): ജിഹാദി-ചുവപ്പ് ഭീകരത തുറന്നുകാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര മുഖ്യമന്ത്രിയുടെ നാടായ പിണറായിയെ കാവിക്കടലാക്കി. മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകരെയും അടുപ്പിക്കില്ലെന്ന് സിപിഎം ശപഥം ചെയ്ത പിണറായിയില്‍ യാത്രയെ വരവേല്‍ക്കാന്‍ എത്തിയത് വന്‍ജനക്കൂട്ടം.
ഇന്നലെ ധര്‍മ്മടത്തെ മമ്പറത്തു നിന്നാരംഭിച്ച് പിണറായിയിലൂടെ സഞ്ചരിച്ച് വൈകിട്ട് തലശ്ശേരിയില്‍ സമാപിച്ചു. അതിരാവിലെ മുതല്‍ മമ്പറത്തേക്ക് വന്‍ ജനസഞ്ചയമാണ് ഒഴുകിയെത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരത്തിലധികം സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പിണറായി വഴി നടന്ന പദയാത്രയില്‍ പങ്കുകൊണ്ടത്.
സിപിഎമ്മിന്റെ കൊലക്കത്തി രാഷ്‌ട്രീയത്തില്‍ ഭര്‍ത്താവിനേയും മകനെയും നഷ്ടപ്പെട്ട പിണറായിയിലെ നാരായണിയെയും കുടുംബത്തേയും കുമ്മനം സന്ദര്‍ശിച്ചു. പിണറായിയില്‍ ഹര്‍ത്താലിന്റെ പ്രതീതിയുണ്ടാക്കി യാത്ര അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമിച്ചെങ്കിലും ജനപങ്കാളിത്തത്തിനു മുന്നില്‍ നിഷ്പ്രഭമായി.
വരും ദിവസങ്ങളില്‍ നിര്‍മ്മല സീതാരാമന്‍, നിതിന്‍ ഗഡ്കരി ഉള്‍പ്പടെയുള്ള പന്ത്രണ്ടോളം കേന്ദ്രമന്ത്രിമാര്‍ അണിചേരും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയുംയാത്രയില്‍ അണിചേരും. നാലാം ദിവസമായ ഇന്ന് രാവിലെ പാനൂരില്‍ നിന്നാരംഭിച്ച് വൈകിട്ട് കൂത്തുപറമ്പില്‍ സമാപിക്കും.
















