കോട്ടയം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാകുമോ ഇല്ലയോ? ഇനിയും തീരുമാനമായിട്ടില്ല. പക്ഷേ, പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക ജോലിയൊന്നുമില്ലാതെ 19 വര്‍ഷമായി 22 തസ്തികകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം? കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസാണ് പത്തൊമ്പതു വര്‍ഷമായി അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം, മാസം പതിമൂന്ന് ലക്ഷത്തിലധികം. ഒരു വര്‍ഷം ഒന്നരക്കോടിക്കുമേല്‍. ഇത്തരത്തിലുള്ള ഓഫീസുകള്‍ കെഎസ്ഇബിയുടെ വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ പലയിടങ്ങളിലുമുണ്ട്. ഇതിലൂടെ കോടികളാണ് നഷ്ടം.
1998ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് ആരംഭിച്ചത്. പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ താമസമില്ലാതെ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് ചുമതല. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കു കീഴില്‍ രണ്ട് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, ഏഴ് അസി. എന്‍ജിനീയര്‍മാര്‍, ഒമ്പത് സബ് എന്‍ജിനീയര്‍മാര്‍, മൂന്ന് ഓവര്‍സീയര്‍മാര്‍, ഒരു ഡ്രൈവര്‍ തുടങ്ങിയവര്‍ ഇവിടെയുണ്ട്. ഇനിയും തീരുമാനം പോലുമാകാത്ത പദ്ധതിയുടെ പേരില്‍ തുടങ്ങിയ ഓഫീസില്‍ ഇത്രയധികം തസ്തികകള്‍ എന്തിനെന്നു മറുപടിയില്ല.
എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പ്രതിമാസ ശമ്പളം 1,52,507 രൂപ. രണ്ട് അസി. എക്‌സി. എന്‍ജീനിയര്‍മാരില്‍ ഒരാള്‍ക്ക് 1,48,969 രൂപ. രണ്ടാമന് 1,45,553 രൂപ. സബ് എന്‍ജീനീയര്‍മാരുടെ ശമ്പളം 87,000 മുതല്‍ 91,000 വരെ. ഡ്രൈവറുടെ ശമ്പളം 89,339 രൂപ. വാഹനം പരമാവധി ഒരു മാസം ഓടുന്നത് 500 കിലോമീറ്ററും. പുലിയന്നൂര്‍ സ്വദേശി അലക്‌സാണ്ടറാണ് ജീവനക്കാരുടെ ശമ്പളത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയത്.
















