കണ്ണൂര്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സിപിഎം നുനപ്രചാരണം നടത്തുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിന്‍ഹ. തലശ്ശേരിയില്‍ സ്വര്‍ഗ്ഗീയ എം.കെ.ലക്ഷ്മണന്‍ നഗറില്‍ ജനരക്ഷായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശിലും ബിഹാറിലും രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നുവെന്ന് കേരളത്തിലെ സിപിഎം ആരോപിക്കുന്നു. എന്നാല്‍ അവിടെയുള്ള ജനങ്ങള്‍ക്ക് ഇത്തരത്തിലുളള പരാതിയില്ല. ഒരു ടെലസ്‌കോപ്പ് വെച്ചാല്‍ പോലും സിപിഎമ്മിനെ കാണാന്‍ സാധിക്കാത്ത ഇത്തരം സംസ്ഥാനങ്ങളെക്കുറിച്ച് സിപിഎം എന്തടിസ്ഥാനത്തിലാണ് അഭിപ്രായം പറയുന്നത്. നൂറുശതമാനവും നുണയില്‍ കെട്ടിപ്പടുത്ത കള്ളന്‍മാരുടെ പ്രസ്ഥാനമാണ് സിപിഎം.
അമിത് ഷാ വന്നതോടെ പിണറായി വിജയന്റെയും കോടിയേരിയുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ യാത്രയുടെ ഭാഗമായി ഇനിയും നിരവധി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ജനരക്ഷായാത്രയില്‍ പങ്കെടുക്കാനായി കേരളത്തിലെത്തും. അപ്പോള്‍ ഇവരുടെ അവസ്ഥ എന്തായിരിക്കും.
കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ക്കൊപ്പം ഇന്ത്യയിലെ 11 കോടി ബിജെപി പ്രവര്‍ത്തകരുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ജനരക്ഷായാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ ബിജെപിയെയും സിപിഎമ്മിനെയും തുലനം ചെയ്യുന്നത് ശരിയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനമാണ് ബിജെപി. ഇന്ത്യയുടെ പ്രധാനമന്ത്രിയും പ്രസിഡണ്ടും ഏറ്റവും കൂടുതല്‍ എംഎല്‍എമാരും എംപിമാരും മുഖ്യമന്ത്രിമാരും ബിജെപി പ്രവര്‍ത്തകരാണ്. ബിജെപി പ്രവര്‍ത്തിക്കുന്നത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. കേരളത്തിലെ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്‍കയ്യെടുക്കണം. രാജ്യത്ത് ഒരു സംസ്ഥാനത്തും ഇന്ന് കേരളത്തിലെ സാഹചര്യമല്ല. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കുന്നതു വരെ ബിജെപി പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ബിജേഷ് നന്ദി പറഞ്ഞു.
















