
പിണറായി: ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത ബിജെപി ദേശീയ സംസ്ഥാന നേതാക്കളും പതിനായിരക്കണക്കിന് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യവുമായി വീട്ടിലെത്തുമ്പോള്‍ ആ അമ്മയുടെ കണ്ണില്‍ കണ്ണുനീരായിരുന്നില്ല. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് മാത്രമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ദേശീയ സെക്രട്ടറി അരുണ്‍ സിംഗും ആ പാദങ്ങളില്‍ വീണ് തൊട്ട് നമസ്‌കരിച്ചപ്പോഴും ആ അമ്മ പതറിയില്ല. എന്നാല്‍ അവിടെയെത്തിയ പതിനായിരങ്ങള്‍ നിശ്ശബ്ദമായി വിതുമ്പുകയായിരുന്നു. സിപിഎമ്മിന്റെ അറുകൊല രാഷ്‌ട്രീയത്തില്‍ ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ട നാരായണിയുടെ വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് കുമ്മനമുള്‍പ്പടെയുള്ള സംഘമെത്തിയത്. സ്വന്തം ഭര്‍ത്താവും മകനും നഷ്ടപ്പെട്ട നാരായണിയമ്മ ഇന്നും പിണറായിയില്‍ തന്നെയുണ്ട്. തന്റെ ഭാര്‍ത്താവിനെയും മകനെയും കൊലചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് മാത്രമാണ് തന്നെ സന്ദര്‍ശിച്ച നേതാക്കളോട് നാരായണിയമ്മ പറഞ്ഞത്.
ബസ് ഡ്രൈവറായിരുന്ന നാരായണിയമ്മയുടെ ഭര്‍ത്താവ് ഉത്തമനെ ഓടുന്ന ബസ്സില്‍ വെച്ചാണ് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബസ്സ് തടഞ്ഞ് നിര്‍ത്തി ബസ്സിന് മുന്നില്‍ ബോംബോറിഞ്ഞ ശേഷം ഉത്തമനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ സിപിഎമ്മുകാര്‍ കൊലചെയ്യപ്പെടുമ്പോള്‍ രമിത്ത് പിഞ്ചു കുഞ്ഞായിരുന്നു. അതേ രമിത്തിനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ സഹോദരിക്ക് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങവെ വീടിന് മുന്നില്‍ റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഭര്‍ത്താവിന്റെയും മകന്റെയും മരണത്തില്‍ പകച്ച് പോയ നാരായണിയുടെ മുഖത്ത് ഇപ്പോള്‍ നിശ്ചയദാര്‍ഢ്യം മാത്രമാണ്. സിപിഎമ്മിന്റെ ചുവപ്പ് ഭീകരതക്കെതിരെ പതിനായിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമ്പോള്‍ അവര്‍ക്ക് കരുത്താകുന്നത് ഇതു പോലെ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ നിശ്ചയദാര്‍ഢ്യം മാത്രമാണ്.
ബിജെപി ദേശീയ സെക്രട്ടറി അരുണ്‍ സിന്‍ഹ ദേശീയ വക്താവ് വിജയ് ഓംകാര്‍ ശാസ്ത്രി, നേതാക്കന്‍മാരായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, എം.ടി.രമേശ്, പി.സത്യപ്രകാശ്, സി.സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കളും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.
















