കണ്ണൂര്‍: കേരളത്തില്‍ സിപിഎം നിരന്തരമായി അക്രമം അഴിച്ചുവിടുന്നത് ഭരണപരാജയം മറച്ചുവെക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎം അടിസ്ഥാനപരമായി അല്‍പ്പംപോലും സഹിഷ്ണുതയില്ലാത്ത പാര്‍ട്ടിയാണ്. നശീകരണസ്വഭാവം സിപിഎമ്മിനെ ബാധിച്ചിരിക്കുന്നത് പ്രത്യയശാസ്ത്രം ഇല്ലാത്തതുകൊണ്ടാണ്. സിപിഎമ്മിനെ പിരിച്ചുവിടേണ്ട കാലമായിരിക്കുന്നു. എന്ത് ദൗത്യമാണ് സിപിഎമ്മിന് സമൂഹത്തിന് ചെയ്യാനുള്ളത്. ഒരുകാലത്ത് ജന്മിത്വത്തിനെതിരായി പോരാടി എന്നവകാശപ്പെടുന്നവര്‍ ഇന്ന് സാധാരണ കര്‍ഷകത്തൊഴിലാളികളെ കൊലപ്പെടുത്തുകയാണ്. കേവലം ധാര്‍ഷ്ട്യത്തിന്റെ പുറത്താണ് സിപിഎം നിലനില്‍ക്കുന്നത്. തലശ്ശേരിയില്‍ ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് പിണറായി യോഗി ആദിത്യനാഥിനോട് പറയേണ്ടതില്ല. വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് ചികിത്സ കിട്ടാതെ രക്തം വാര്‍ന്ന് മരിച്ചതും ചികിത്സക്കായി ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന് എയ്ഡ്‌സ് ബാധിച്ചതും പിണറായി ഭരിക്കുന്ന കേരളത്തിലാണ്. ജനരക്ഷായാത്ര നയിക്കുന്നത് ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ്.
ജനരക്ഷായാത്ര വിലാപയാത്രയാണെന്ന് ചെന്നിത്തല പറഞ്ഞത് നിരാശകൊണ്ടാണ്. കോണ്‍ഗ്രസ്സ് എന്ന രാഷ്‌ട്രീയ പ്രസ്ഥാനം ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. കോണ്‍ഗ്രസ്സിന്റെ ശവപ്പെട്ടിയുമായി സെക്രട്ടേറിയേറ്റിന് മുന്നിലൂടെ വിലാപയാത്ര നടത്തേണ്ട കാലമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
















