ഇരിട്ടി: ആറളംഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ പതിനഞ്ച് വര്‍ഷം മുന്‍പ് ആദിവാസികള്‍ക്കായി പതിച്ചു നല്‍കിയ ഭൂമിയില്‍ ജൈവപച്ചക്കറിക്കൃഷി നടപ്പിലാക്കാനുള്ള കൃഷിവകുപ്പിന്റെ പദ്ധതി ആരംഭിച്ചു. 12 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷി നടത്താനാണ് കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്. വര്‍ഷങ്ങളായി കാടുമൂടി കിടക്കുന്ന പ്രദേശത്തു കൃഷിയിറക്കുന്നതോടെ വന്യമൃഗ ശല്യത്തില്‍ നിന്നും ഒരു പരിധിവരെ പരിഹാരം കാണാനാവും എന്ന് കരുതുന്നു. നിയന്ത്രിക്കുന്നതോടൊപ്പം ആദിവാസികളെ കൃഷിയുമായി അടുപ്പിക്കുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനായി ഏഴാം ബ്ലോക്കിലെ പ്രദേശങ്ങള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിളച്ചു മറിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു. കൃഷിവകുപ്പിന്റെ ജില്ലാ ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ ആറളം കൃഷി ഭാവനാണ് പരിപാടി നടപ്പിലാക്കുന്നത്. ഇതിനായി 15 പേര്‍ അടങ്ങിയ സ്വാശ്രയ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും അംഗങ്ങളാണ്.
നാലുലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം രൂപ കൃഷിവകുപ്പ് സബ്‌സിഡി നല്‍കും. ബാക്കി തുക ആദിവാസി പുനരധിവാസമിഷനില്‍ നിന്നും ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. എളുപ്പത്തില്‍ വിളവ് ലഭിക്കുന്ന പച്ചക്കറികളാണ് ആദ്യഘട്ടത്തില്‍ കൃഷിചെയ്യുക.
















