തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്താനുള്ള നീക്കത്തിനെതിരെ നടന്‍ നെടുമൂടി വേണു. നടനഗ്രാമത്തിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്ന് കാട്ടി സാംസ്‌ക്കാരിക മന്ത്രിക്ക് നെടുമുടിവേണു നിവേദനം നല്‍കി. സാംസ്‌ക്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ കേരള നടനം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങാനായി പത്രപരസ്യവും നല്‍കി. പ്ല്‌സ്ടു അടിസ്ഥാന യോഗ്യത കണക്കാക്കി ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. ഒരു വര്‍ഷം കൊണ്ട് കേരള നടനം പഠിപ്പിച്ച് തീര്‍ക്കാനാവില്ല. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പഠിച്ചാലെ ഗുരുഗോപിനാഥ് ചിട്ടപ്പെടുത്തിയ തരത്തില്‍ കേരള നടനം അഭ്യിസിപ്പിച്ചെടുക്കാന്‍ സാധിക്കൂ.
കുട്ടികളെ കേരളനടനം അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുഗോപിനാഥ് നടനഗ്രാമം സ്ഥാപിച്ചത്. നടന ഗ്രാമം തുടങ്ങിയതു മുതല്‍ ഈ രീതിയാണ് നടന്നു വരുന്നത്. പ്ലസ്ടു അടിസ്ഥാന യോഗ്യത നിശ്ചയിച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തിയാല്‍ ക്രമേണ കുട്ടികള്‍ ഈ കലയില്‍ നിന്ന് അകന്ന് പോകും.
മാറി മാറി വരുന്ന സര്‍ക്കാരുടെ ഇഷ്ടക്കാരാണ് നടനഗ്രാമത്തെ നിയന്ത്രിക്കുന്നത്. കേരള നടനം അടിസ്ഥാന യോഗ്യതയുള്ള ആരും നടന ഗ്രാമിത്തില്‍ ഇല്ല. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇപ്പോള്‍ സ്വാതിതിരുനാള്‍ കോളേജില്‍ നടത്തുന്നുണ്ട്. അതിനാല്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും നെടുമുടിവേണുനിവേദനത്തില്‍ പറയുന്നു.
















