ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ പരിശോധനയ്‌ക്ക് എത്തിയ വിദഗ്‌ദ്ധ സംഘത്തെ ഭക്തജനങ്ങള്‍ പ്രതിഷേധമറിയിച്ചു. ദേവസ്വം ഓംബുഡ്‌സ്മാന്‍ പി.ആര്‍. രാമന്‍, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തെ സേവ് ഏഴരപ്പൊന്നാന കൂട്ടായ്‌മയുടെയും ക്ഷേത്ര സംരക്ഷണസമിതിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധമറിയിച്ചത്.
തങ്കത്തില്‍ പൊതിഞ്ഞ ഏഴരപ്പൊന്നാനയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ചൂണ്ടിക്കാട്ടി പുതുക്കിപ്പണിയാന്‍ ഹൈക്കോടതിയുടെ അനുമതിതേടിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഭക്തര്‍ക്ക് ചില സംശയങ്ങളുണ്ടെന്നും ആശങ്ക പരിഹരിക്കണമെന്നും വിശ്വാസികള്‍ ആവശ്യമുന്നയിച്ചു. ഇതിന് പുറമേ ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തണമെന്ന ആവശ്യവും ഉന്നയിച്ചു.
തന്ത്രി ഭക്തജന പ്രതിനിധികളെകൂടി ഉള്‍പ്പെടുത്താന്‍ സമ്മതിച്ചു. എട്ടുഭക്തരെയാണ് പരിശോധക സംഘത്തില്‍ പങ്കെടുപ്പിക്കുക. തുടര്‍ന്നു നട അടച്ചശേഷം ഹൈക്കോടതി നിര്‍ദ്ദേശിച്ച വിദഗ്‌ദ്ധ സമിതിയിലെ തന്ത്രി കണ്ഠരര് രാജീവര്, എഎസ്പി കുറുപ്പ്, ദേവസ്വം ഓംബുഡ്‌സ്മാന്‍ പി.ആര്‍. രാമന്‍, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, തിരുവാഭരണം കമ്മീഷണര്‍ കെ.എ. ശ്രീലത, പരുമല അനന്തനാചാരി ഭക്തജനങ്ങളുടെ പ്രതിനിധിയായി നഗരസഭ കൗണ്‍സിലര്‍മാരായ ഉഷാ സുരേഷ്, അനീഷ് വി നാഥ്, ഗണേഷ് ഏറ്റുമാനൂര്‍, കെ.പി. സന്തോഷ്, അഡ്വ. എം.പി സന്തോഷ് കുമാര്‍, പി.പി. വിജയകുമാര്‍, സുരേഷ് ഗോവിന്ദ്, വിനീത് രാഘവ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയത്.
ഏഴരപ്പൊന്നാനയുടെ പരിശോധനയില്‍ മൂന്ന് ആനകള്‍ക്ക് ചെറിയരീതിയിലുള്ള കേടുപാടുകള്‍ ഉള്ളതായി കണ്ടെത്തി. അരപ്പൊന്നാനക്ക് കേടുപാടുകളൊന്നും ഇല്ല. ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളത്തിനു ഉപയോഗിക്കുന്ന തിടമ്പ്, ശ്രീബലി വിഗ്രഹം എന്നിവയും സമിതി പരിശോധിച്ചു.
















