അടിമാലി: മൂന്നാറിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വികസനം തേടുന്നു. കാട്ടാനശല്യത്തിനൊപ്പം, പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.
മൂന്നാറിലെ ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ 2005ലാണ് എം. ആര്‍. സ്‌കൂളാകുന്നത്. തുടര്‍ന്ന് കോളനി റോഡില്‍ കുന്നിന് മുകളില്‍ 10.5 ഏക്കറോളം സ്ഥലം ഏറ്റെടുത്ത് സ്‌കൂള്‍കെട്ടിടങ്ങളും, ഹോസ്റ്റലും, ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് അടക്കം പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം അങ്ങോട്ട് മാറ്റി. കൊച്ചിന്‍ റിഫൈനറിയാണ് കെട്ടിടം നിര്‍മ്മിച്ചത്. 2008 ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 280 ഓളം കുട്ടികളാണ് വിവിധ ക്ലാസുകളിലായി ഇവിടെ പഠിക്കുന്നത്. ഇതില്‍ 60% എസ്. ടി 30% എസ്.സി 10% ജനറല്‍ എന്നിങ്ങനെയാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു വശത്തായി ടാറ്റാ കമ്പനി നിര്‍മ്മിച്ച മതിലാണ് സ്‌കൂളിനാകെയുള്ളത്. ഒരു വശം മാത്രമാണ് കമ്പനി വക സ്ഥലമായുള്ളത്. പല സ്ഥലങ്ങളിലും മതില്‍ തകര്‍ന്നു കിടക്കുന്നു.
ഇതു വഴിയാണ് കാട്ടാനകൂട്ടങ്ങളായി സ്‌കൂള്‍ പരിസരത്തെത്തുന്നത്. മൂന്നാറില്‍ നിന്നും പെരിയവരെ ടോപ്പ് ഡിവിഷന്‍ എസ്റ്റേറ്റിലേക്കുള്ള വാഹനങ്ങളും, കാല്‍നടയാത്രക്കാരും ഭീഷണിയിലാണ്. അറ്റകുറ്റപ്പണികള്‍ നടത്താതെ ക്വാര്‍ട്ടേഴ്‌സുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കക്കൂസും കുളിമുറിയും പുറമേ നിന്ന് കയറാവുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത് ഏറെ വിനയായിട്ടുണ്ട്. ദേവികുളം എംഎല്‍യുടെ വസതിക്ക് വിളിപ്പാടകലെയാണ് ദുരിതങ്ങള്‍ പേറുന്ന ഈ സ്കൂള്‍.
















