കൊച്ചി: അനുവദിച്ചാല്‍ വീണ്ടും യെമന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാണെന്ന് ഫാ. ടോം ഉഴുന്നാലില്‍. യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി ജന്മനാട്ടില് തിരിച്ചെത്തിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭീകരരുടെ പിടിയിലായപ്പോള്‍ ഒരിക്കല്‍ പോലും പരിഭ്രമിച്ചില്ല. മോചനത്തിനായി കാത്തിരുന്നു. ആരുടെയും വിലക്ക് ലംഘിച്ചല്ല യമനില്‍ സേവനത്തിന് പോയത്. വേണ്ടപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും യെമനിലെത്താന്‍ മടിക്കില്ല. തടവില്‍ കഴിഞ്ഞ 500ലേറെ ദിവസങ്ങള്‍ പ്രാര്‍ത്ഥനയിലായിരുന്നു. തനിക്കൊപ്പം നിരവധി ആളുകളുടെ പ്രാര്‍ത്ഥനകള്‍കൂടി ചേര്‍ന്നതോടെ മോചനം സാധ്യമായി. കേന്ദ്രസര്ക്കാരുള്പ്പെടെയുള്ളവരുടെ കൂട്ടായ പരിശ്രമമാണ് മോചനത്തിനത്തിന് പിന്നില്‍.
തട്ടിക്കൊണ്ടുപോയ സംഘം തീവ്രാദികളാണോയെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. ഏത് സംഘമാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് അന്നും ഇന്നും വ്യക്തമല്ല. തികച്ചും മാന്യമായ പെരുമാറ്റമായിരുന്നു അവരുടേത്. ഒരിക്കല്‍പ്പോലും ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. നോമ്പ് കാലത്ത് തനിക്ക് മാത്രമായി ഭക്ഷണവും വെള്ളവും എത്തിച്ചു തന്നു. പനി പിടിച്ചപ്പോള്‍ മരുന്ന് നല്കി. പ്രാര്‍ത്ഥിക്കാനുള്ള അവകാശവും നിഷേധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെ 7.15നാണ് സലേഷ്യന്‍ സഭയിലെ സഹവൈദികരോടൊപ്പം ടോം ഉഴുന്നാലില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ. മാണി എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ഹൈബി ഈഡന്, റോജി എം. ജോണ്‍, വി. ഡി. സതീശന്, എന്‍ഡിഎ നേതാവ് പി.സി. തോമസ് തുടങ്ങിയവരും ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
വെണ്ണല ഡോണ്‍ ബോസ്കോ, സെന്റ് മേരിസ് ബസിലിക്ക എന്നിവിടങ്ങളിലും ഉഴുന്നാലിലെത്തി. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദര്‍ശിച്ചശേഷം ജന്മനാടായ രാമപുരത്തേക്ക് പോയി.
















