ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ രാജീവിന്റെ കൊലപാതക കേസിലെ മുഖ്യപ്രതികളായ അങ്കമാലി സ്വദേശി ജോണി, അങ്കമാലി വാപ്പാലശ്ശേരി സ്വദേശി രഞ്ജിത്ത് എന്നിവര്‍ക്കുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ്. ഇതിനിടയില്‍ കേസിലെ മുഖ്യപ്രതിയായ ജോണി വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. ഇയാളെ കണ്ടെത്തുവാന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കി.
കേസില്‍ പിടിയിലായ പ്രതികളെ റിമാന്റ് ചെയ്തു. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ അപ്പു മകന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയാണ് റിമാന്റ് ചെയ്തത്. മുരിങ്ങൂര്‍ ചാമക്കാല വീട്ടില്‍ ഷൈജു(46), ആറ്റപ്പാടം വെളുത്തുപറമ്പില്‍ രാജന്‍(56), കൊരട്ടി സ്‌നേഹ നഗറില്‍ താമസിക്കുന്ന മുരിങ്ങൂര്‍ കൊടിയന്‍ പാലക്കാടന്‍ സത്യന്‍(48), വെസ്റ്റ് ചാലക്കുടി മതില്‍കൂട്ടം വീട്ടില്‍ സുനില്‍(41) എന്നിവരെയാണ് അന്വേഷണ സംഘം കുന്നംകുളം മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. ചാലക്കുടി മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ കുന്നംകുളത്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.
കേസിലെ മറ്റു രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ്. രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം പ്രതികളെ തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
വെള്ളിയാഴ്ച ചാലക്കുടി പരിയാരം തവളപ്പാറ എസ്.ഡി. കോണ്‍വെന്റിന്റെ ഉടമ സ്ഥതയിലുള്ള വീട്ടിലാണ് രാജീവിന്റെ മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. കല്ലിങ്ങല്‍ ജോണിയുടെ ജാതി തോട്ടം പാട്ടത്തിനെടുത്ത് അവിടെ താമസിച്ചുവരികയായിരുന്നു രാജീവ്.
രാവിലെ പറമ്പിന്റെ ഗേറ്റ് തുറക്കുവാന്‍ സ്‌കൂട്ടറില്‍ പോയപ്പോള്‍ രാജീവിനെ അക്രമികള്‍ ബലപ്രയോഗത്തിലൂടെ ഓട്ടോറിക്ഷയില്‍ കയറ്റി കോണ്‍വെന്റ് വക കെട്ടിടത്തില്‍ കൊണ്ടുവരികയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ അഖില്‍ വെള്ളിയാഴ്ച ചാലക്കുടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചതും മൃതദേഹം കണ്ടെത്തിയതും.
സിബിഐ അന്വേഷിക്കണം: ചെന്നിത്തല
രാജീവിന്റെ കൊലപാതകം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.
സംസ്ഥാന പോലീസിന്റെ കുറ്റകരമായ അനാസ്ഥ കാരണമാണ് രാജീവിന്റെ കൊലപാതകമുണ്ടായത്. തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട രാജീവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു.
അഭിഭാഷകനായ സി.പി. ഉദയഭാനുവിനെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് രാജീവ് അങ്കമാലി പോലീസില്‍ മാത്രമല്ല മുഖ്യമന്ത്രിക്കും പരാതി നല്കിയിരുന്നു. എന്നിട്ടും പോലീസ് മതിയായ സംരക്ഷണം നല്കാത്തതിനാലാണ് രാജീവിന്റെ കൊലപാതകമുണ്ടായത്.
















