മാഹി: ചുവപ്പ്‌നാടായില്‍ കുടുങ്ങി ചോമ്പാല്‍ പോലിസ് സ്‌റ്റേഷന്‍ കെട്ടിടം പണിയാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നു. കെട്ടിടം പണിയാന്‍ 50 ലക്ഷം രൂപ ആഭ്യന്തര വകുപ്പ് അനുവദിച്ചെങ്കിലും ഇതിനായി സര്‍ക്കാര്‍ ഭരണാനുമതി കൊടുത്തില്ല. ഇതോടെ കെട്ടിടം പണിയല്‍ അനിശ്ചിതമായ് നീളുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ അനുമതിക്കായി കാത്തുകിടക്കുകയാണ് അഭ്യന്തരവകുപ്പ്. നിരന്തര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സൗജന്യമായി പതിമൂന്ന് സെന്റ് സ്ഥലം സ്‌റ്റേഷന്‍ പണിയാന്‍ വിട്ടുകൊടുത്തു. 2009 മുതല്‍ അഴിയൂര്‍ പഞ്ചായത്തില്‍ കുഞ്ഞിപ്പള്ളി ടൗണിലെ കൃഷിഭവന്‍ കെട്ടിടത്തിന്റെ മുകളിലാണ് ചോമ്പാല്‍ പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. അസൗകര്യങ്ങളാല്‍ വീര്‍പ്പ്മുട്ടുന്ന മുറിയിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഫയലുകളും തൊണ്ടിമുതലുകളും സൂക്ഷിക്കാനുള്ള സൗകര്യമോ ഡ്രസ്സിംഗ് മുറികളോ പ്രതികളെ കസ്റ്റഡിയില്‍ വെക്കാനുള്ള സൗകര്യമോ ഇവിടെയില്ല. മാഹി, മുക്കാളി, നാദാപുരംറോഡ്, മാഹി റെയില്‍വേ സ്‌റ്റേഷന്‍, ദേശീയപാത, കടലോരം തുടങ്ങി നിരവധി ഓഫീസുകളും മടപ്പള്ളി കോളേജും ഒക്കെയുള്ള വിശാലമായ പ്രദേശം ഉള്‍പ്പെട്ടതാണ് ചോമ്പാല്‍ സ്‌റ്റേഷന്റെ പരിധി. സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് നിന്നുതിരിയാന്‍പോലും സ്ഥലമില്ല. അസൗകര്യങ്ങളെ തുടര്‍ന്നാണ് പുതിയ കെട്ടിടം പണിയാനുള്ള നടപടിക്ക് തുടക്കമായത്. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ വൈകിയത് വ്യാപക പ്രതിഷേധമുയരുകയാണ്.
















