തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്കും രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മിന്റെ സമീപനങ്ങള്‍ക്കും ഭരണത്തണലില്‍ ശക്തിപ്രാപിക്കുന്ന ജിഹാദി ഭീകരതയ്ക്കും എതിരെ ബിജെപി ഒക്ടോബര്‍ 3 മുതല്‍ 17 വരെ ജനരക്ഷായാത്ര നടത്തുമെന്ന് ദേശീയനിര്‍വാഹകസമിതി അംഗം വി. മുരളീധരന് അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിയക്കുന്ന ജനരക്ഷായാത്ര കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്ന് ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10 ന് പയ്യന്നൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് ഉദ്ഘാടനം. 11 ജില്ലകളില്‍ കൂടി സഞ്ചരിച്ചാണ് യാത്ര 17 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. യാത്രയിലും വിവിധ സ്ഥലങ്ങളില്‍ നല്കുന്ന സ്വീകരണപരിപാടികളിലും കേന്ദ്രമന്ത്രിമാരും ദേശീയനേതാക്കളും പങ്കെടുക്കും. വിവിധ ജില്ലകളിലെ ജനരക്ഷായാത്രയില്‍ സംസാരിക്കുന്നതോടൊപ്പം അമിത് ഷായും ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പദയാത്രയില്‍ ഭാഗഭാക്കാകുമെന്ന സവിശേഷതയുമുണ്ട്.
പയ്യന്നൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര കണ്ണൂര്‍ ജില്ലയില്‍ നാലുദിവസം പര്യടനം നടത്തും. 5 ന് തലശ്ശേരിയലെ മമ്പറം, പിണറായി വഴിയുള്ള യാത്രയിലും 17 ന് തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം മുതല്‍ തിരുവനന്തപുരം നഗരം വരെയും അമിത് ഷാ രാവിലെ മുതല്‍ വൈകിട്ടുവരെ പങ്കെടുക്കും.
കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്, കേന്ദ്രമന്ത്രിമാരായ അനന്ത്കുമാര്‍, സ്മൃതിഇറാനി, ധര്‍മേന്ദ്ര പ്രധാന്, രാജ്യവര്ധന്സിങ്ങ് റാത്തോഡ്, അല്‍ഫോന്‍സ് കണ്ണന്താനം, മഹേഷ് ശര്‍മ, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ്ങ് ജലവിഭവസഹമന്ത്രി അര്ജുന് മേഘ്വാള്, നേതാക്കളായ മനോജ് തിവാരി, മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈന് തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ സംബന്ധിക്കും.
പദയാത്രയില്‍ പങ്കെടുക്കുന്ന കൂടുതല്‍ നേതാക്കളുടെ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ തീരുമാനമാകും. 7 മുതല്‍ 17 വരെ ഒരുദിവസം ഒരു ജില്ല എന്ന നിലയിലാകും യാത്ര. യാത്രയുടെ സമയക്രമം പാലിക്കാനായി ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്. യാത്രയില്‍ എന്‍ഡിഎയിലെ സഖ്യകക്ഷികളും പങ്കെടുക്കും.
















