മുഹമ്മ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളും ലോറികളില്‍ നിന്ന് ബാറ്ററികളും മോഷ്ടിക്കുന്ന സംഘത്തിലെ മൂന്ന് പേരെ മാരാരിക്കുളം പോലീസ് പിടികൂടി.
അരൂര്‍ അറക്കാപറമ്പ് വീട്ടില്‍ സേതുരാജ് (51), ആലുവ യു.സി കോളേജിന് സമീപം വലിയപറമ്പില്‍ സാജന്‍ @ രാജേഷ് (38),മട്ടാഞ്ചേരി ഇരവേലി കടവില്‍ പറമ്പില്‍ ഏലിയാസ് (55) എന്നിവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ 11 മോഷണകേസുകളുടെ വിവരം പോലീസിന് ലഭിച്ചു.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച കാറില്‍ സഞ്ചരിച്ചാണ് റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്നത്.ഈ കാറുമായി കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിലുള്ള കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിന് മുന്നിലെ അക്ഷയ് ബാറ്ററി കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനടയില്‍ സേതുരാജിനെ കടയുടമ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു.
ഇയാള്‍ വന്ന വാഹനത്തിന്റെ അവസാന നാലക്കം കടയുടമ പോലീസിനെ അറിയിച്ചിരുന്നു. മാരാരിക്കുളം പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ അരൂരില്‍ കണ്ടെത്തി.
ചിത്രം കണ്ട് അക്ഷയ് ബാറ്ററി കട ഉടമയും പ്രതിയെ തിരിച്ചറിഞ്ഞു. സേതുരാജിന്റെ മൊബൈല്‍ ഫോണ്‍വിളികള്‍ പരിശോധിച്ചപ്പോഴാണ് മറ്റ് രണ്ട് പ്രതികള്‍ കൂടി പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നും,എറണാകുളം സൗത്തില്‍ നിന്നും മോഷ്ടിച്ച ബൈക്കുകളും പോലീസ് കണ്ടെടുത്തു. മുഖ്യപ്രതി സേതുരാജ് ഓട്ടോ ഇലക്ട്രീഷ്യനാണ്. വിവിധ കേസുകളില്‍ സേതുരാജ് 17 വര്‍ഷവും ഏലിയാസ് 22 വര്‍ഷവും സാജന്‍ രണ്ടര വര്‍ഷവും ജയില്‍ വാസം അനുഭവിച്ചുട്ടുണ്ട്.
ജയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീണ്ടും മോഷണം നടത്തുകയാണ് പതിവ്. സാജന്‍ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ ്പ്രതിയാണ്. എറണാകുളം, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നാണ്പ്രതികള്‍ ബാറ്ററി മോഷ്ടിച്ചിട്ടുള്ളത്. മാരാരിക്കുളം സിഐ നവാസ്, എസ്‌ഐമാരായ എ.വി. ബിജു, എം. ശശി, സിപിഒമാരായ വി.എസ്. ബിനോജ്, എല്‍. മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
















