വിജയദശമി ദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മേല്‍ശാന്തി ഗോവിന്ദ അഡിഗ കുരുന്നിന് ഹരിശ്രീ കുറിക്കുന്നു. ഫോട്ടോ – ടി.കെ ബിജീഷ്കുമാര്‍
കൊല്ലൂര്‍: പതിനായിരങ്ങള്‍ക്ക് ദര്‍ശനപുണ്യമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുഷ്പ്പ രഥോത്സവം നടന്നു. മഹാനവമി ദിനത്തില്‍ രാത്രി 8.40നാണ് പ്രധാന ചടങ്ങായ രഥംവലി ആരംഭിച്ചത്. രാവിലെ ദശഭുജ ഗണപതിമണ്ഡപത്തില് ക്ഷേത്രം ജോത്സ്യര് രാമകൃഷ്ണന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ചണ്ഡികയാഗത്തോടെയാണ് മഹാനവമി ആഘോഷം തുടങ്ങിയത്. രാത്രി എട്ട് മണിയോടെയാണ് ദേവീ വിഗ്രഹം പുറത്തേക്ക് എഴുന്നള്ളിച്ചത്.
പുറത്തെ ശീവേലിക്കുശേഷം ക്ഷേത്ര പ്രദക്ഷിണ പഥത്തില്‍ ഒരു തവണ വലം ചുറ്റിയ പുഷ്പ്പ രഥം വീരഭദ്രസ്വാമി ക്ഷേത്ര തിരുമുന്നില്‍ എത്തിയ ശേഷമാണ് അമ്മ അനുഗ്രഹിച്ചു നല്കിയ നാണയ തുട്ടുകള്‍ പൂജാരിമാര്‍ വാരി വിതറിയത്. തുടര്‍ന്ന് ദേവീ വിഗ്രഹം സരസ്വതിമണ്ഡപത്തിലെ പൂജയ്ക്കുശേഷം ശ്രീ കോവിലിലെത്തിച്ച് പൂര്ണ്ണകുംഭാഭിഷേകവും കലശപൂജയും നടത്തിയതോടെയാണ് രഥോത്സവ ചടങ്ങിന് സമാപനമായത്.
സര്‍വ്വാഭരണ വിഭൂഷിതയായ മഹാദേവിയുടെ ദര്‍ശന സായൂജ്യം നേടാന്‍ പതിനായിരങ്ങളാണ് എത്തിയത്. ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെ നേതൃത്വത്തില്‍ ശ്രീധര്‍ അഡിഗ, നരസിംഹ അഡിഗ, രാമചന്ദ്ര അഡിഗ, ഗോവിന്ദ അഡിഗ, വാസുദേവ അഡിഗ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
വിജയദശമി ദിനത്തില്‍ അക്ഷര സ്വരൂപിണിയുടെ സന്നിധിയില്‍ മുവ്വായിരത്തോളം കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. പുലര്‍ച്ചെ മൂന്നുമണി മുതല്‍ സരസ്വതി മണ്ഡപത്തിനു സമീപത്തെ യാഗശാലയില്‍ നടന്ന എഴുത്തിനിരുത്തല്‍ ഉച്ചയ്ക്ക് 1.30 വരെ നീണ്ടു നിന്നു. വിജയദശമി ദിനത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. രാവിലെ അഞ്ച് മണിക്കൂറോളം സമയം ക്യൂവില്‍ നിന്നാണ് പലര്‍ക്കും ദേവിയെ ദര്‍ശിക്കാനായത്.
















