കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം നടത്തുന്നവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വന്നത് സിപിഎം നേതൃത്വത്തിനും സര്‍ക്കാരിനും കനത്ത തിരിച്ചടിയായി.
നാട്ടുകാരുടെ ശക്തമായ സമരത്തിന് മുന്നില്‍ സിപിഎം നേതൃത്വത്തിനും സര്‍ക്കാരിനും കീഴടങ്ങേണ്ടി വരികയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലെ ജനങ്ങളുടെ സമരം കൈവിട്ടു പോവുകയും മറ്റ് പല സംഘടനകളും സമരത്തെ പിന്തുണച്ചു കൊണ്ട് രംഗത്തു വരികയും ചെയ്തതോടെ സമരം ഒത്തുതീര്‍പ്പാക്കുക പാര്‍ട്ടിക്ക് അത്യാവശ്യമായി മാറി. സമരത്തിന്റെ പശ്ചാത്തലത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവയ്‌ക്കേണ്ട സ്ഥിതിവരെ ഉടലെടുത്തിരുന്നു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം കീഴാറ്റൂരില്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയും സമരം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചു.
സഖാക്കളോട് സമരത്തില്‍ നിന്നും പിന്മാറാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ അന്ത്യ ശാസനം നല്‍കിയിട്ടും അവര്‍ പിന്മാറിയില്ല. ഇത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. വിട്ടുവീഴ്ചയ്‌ക്ക് സമരക്കാര്‍ തയ്യാറല്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കൊണ്ട് സിപിഎം ജില്ലാ നേതൃത്വം ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് മുന്‍കയ്യെടുക്കാന്‍ ആവശ്യപ്പട്ടത്. ഇതിനെ തുടര്‍ന്നാണ് ഇന്നലെ തലസ്ഥാനത്ത് ചര്‍ച്ച നടന്നത്. സിപിഐയുടെ ജില്ലാ ഘടകം സമരത്തിനനുകൂലമായി രംഗത്ത് വന്നത് സിപിഎമ്മിന് തിരിച്ചടിയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ‘വയല്‍ക്കിളികള്‍’ എന്ന സഘടനയുടെ നേതൃത്വത്തിലാണ് സമരം നടന്നു വരുന്നത്.
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി സജീവ പ്രവര്‍ത്തകനുമായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രത്യക്ഷ സമരം ആരംഭിച്ചത്. 13 ദിവസത്തെ ഉപവാസത്തിനു ശേഷം ആരോഗ്യ നില മോശമായതിനാല്‍ സുരേഷിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലാക്കിയിരുന്നു. ഇതിനു ശേഷം നമ്പറാടത്തു ജാനകി എന്ന 68 വയസ്സായ വൃദ്ധയാണ് സമരം നടത്തി വരുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നുളള സാഹചര്യം ഇന്ന് രാവിലെ ചേരുന്ന സമരസമിതി യോഗം ചര്‍ച്ച ചെയ്ത ശേഷം സമരം അവസാനിപ്പിക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
















