തിരുവനന്തപുരം: ഹജ്ജ് വോളണ്ടിയറായി സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുത്തതില്‍ മന്ത്രിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സ്വജനപക്ഷപാതം കാട്ടിയെന്ന് ആരോപിച്ച് മലപ്പുറം ജില്ലാ ജനകീയ ആക്ഷന്‍ കൗണ്‍സില്‍ വിജിലന്‍സ് കോടതിയെ സമീപിക്കുക്കുന്നു. ഇതിനു മുന്നോടിയായി മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതായി ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ.ഒ. അസൈനാര്‍ വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.
വോളണ്ടിയര്‍മാരെ നിയമിക്കുന്നതിന് മെയ്‌മാസം മലപ്പുറം കളക്ടറേറ്റ് ചുമതലപ്പെടുത്തിയ എട്ടംഗ ഇന്റര്‍വ്യൂ ബോര്‍ഡിനെ മറികടന്ന പുതിയ മൂന്നംഗ ബോര്‍ഡിനെ സര്‍ക്കാര്‍ നിയമിച്ചു. ഇത് വകുപ്പുമന്ത്രി കെ.ടി. ജലീലിന്റെ വ്യക്തിതാത്പര്യം സംരക്ഷിക്കുന്നതിനാണെന്ന് ആരോപിച്ചു.
ഇന്റര്‍വ്യൂ നടക്കുന്ന സമയംവരെ ഈ ഉത്തരവ് കളക്ടറേറ്റ് തെരഞ്ഞെടുത്ത എട്ടംഗം ബോര്‍ഡിനെ അറിയിച്ചിരുന്നില്ല. വോളന്റിയര്‍മാരുടെ ബന്ധുക്കള്‍ ഹജ്ജ് നിര്‍വഹിക്കുന്നവരില്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് നിയമനം . ഏഴ് വോളണ്ടിയര്‍മാരുടെ ബന്ധുക്കള്‍ സംഘത്തിലുണ്ടായിരുന്നു. ജൂലായ് 31നാണ് വോളന്റിയര്‍മാരുടെ നിയമനാംഗീകാരം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത്.
എന്നാല്‍ ജൂലായ് 11ന് മുംബൈയില്‍ പരിശീലന ക്യാമ്പില്‍ വകുപ്പുമന്ത്രിക്കും ചെയര്‍മാനും താത്പര്യമുള്ള 66 പേരെ പങ്കെടുപ്പിച്ചു. ഇവര്‍ മാത്രമാണ് അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചതെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ആരോപിക്കുന്നു. ഒഫിഷ്യല്‍ അംഗങ്ങളായി രണ്ടു പേരെ തെരഞ്ഞെടുക്കുന്നതിനും നിയമപ്രകാരമുള്ള നടപടികള്‍ പിന്തുടര്‍ന്നില്ല.
ഹജ്ജ് ഹൗസിലെ ക്ലറിക്കല്‍ ജീവനക്കാര്‍ പോലും വിമാനയാത്ര നടത്തുന്നു. ലക്ഷങ്ങളാണ് ഇത്തരത്തില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള വര്‍ ദുരുപയോഗം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
















