പത്തനംതിട്ട: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ റവന്യുമന്ത്രി അടൂര്‍ പ്രകാശ് കോന്നിയില്‍ നല്‍കിയ 1843 പട്ടയങ്ങള്‍ റവന്യുവകുപ്പ് റദ്ദാക്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോന്നി തഹസീല്‍ദാര്‍ ടി.ജി. ഗോപകുമാറാണ് പട്ടയം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചിറ്റാര്‍, സീതത്തോട്. തണ്ണിത്തോട്, കോന്നി-താഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലായി നല്‍കിയ പട്ടയങ്ങളാണ് റദ്ദാക്കിയത്.
വനഭൂമിയാണെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ട് മറികടന്ന് അടൂര്‍ പ്രകാശ് പട്ടയം അനുവദിച്ചത് അന്ന് വിവാദമുയര്‍ത്തിയിരുന്നു. സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട് വില്ലേജുകളിലെ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി തഹസീല്‍ദാര്‍ വനംവകുപ്പിനോടു റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ വനംഭൂമിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചുനല്‍കാന്‍ കഴിയില്ലെന്നും 2015 ഡിസംബര്‍ രണ്ടിന് റാന്നി ഡിഎഫ്ഒ ആയിരുന്ന ഒ.ബി. ജോസഫ് മറുപടി നല്‍കി. ഇത് അവഗണിച്ചാണ് പട്ടയം നല്‍കാനുള്ള തീരുമാനവുമായി റവന്യുവകുപ്പ് മുന്നോട്ടുപോയത്.
4126 കൈവശക്കാര്‍ക്കായി 4865 ഏക്കര്‍ ഭൂമിക്ക് പട്ടയം നല്‍കാനാണ് തീരുമാനമുണ്ടായത്. ഇതില്‍ 1843 പേര്‍ക്കാണ് പട്ടയം അനുവദിച്ചിരുന്നത്. 1977നു മുമ്പ് കൈവശാവകാശം നേടിയവരെന്ന നിലയിലാണ് പട്ടയം അനുവദിച്ചത്. 2016 ഫെബ്രുവരി 28ന് ചിറ്റാറില്‍ നടന്ന പട്ടയമേളയില്‍ 40 പട്ടയങ്ങള്‍ അടൂര്‍ പ്രകാശ് വിതരണം ചെയ്തു. കോന്നി താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന 1803 പട്ടയങ്ങള്‍ അടക്കം 1843 പട്ടയങ്ങള്‍ റദ്ദാക്കിയതായി തഹസില്‍ദാരുടെ ഉത്തരവില്‍ പറയുന്നു.
















