കൊല്ലൂര്‍: കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രം നവരാത്രി ആഘോഷ പ്രഭയില്‍. അക്ഷരസ്വരൂപിണിയുടെ തിരുമുറ്റത്തേക്ക് മഴയത്തും ഭക്തജനപ്രവാഹമാണ്. ഇന്ന് രാത്രി 8.45ന് മഹാനവമി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ പുഷ്പ രഥോത്സവം നടക്കും. വിജയദശമി ദിനമായ നാളെ പുലര്‍ച്ചെ നാലിന് ക്ഷേത്രസന്നിധിയില്‍ എഴുത്തിനിരുത്തല്‍ ആരംഭിക്കും. ദുര്‍ഗ്ഗാഷ്ടമി ദിനമായ ഇന്നലെ ദുര്‍ഗ്ഗാഹോമവും രാത്രി പുറത്ത് ശീവേലിയും നടന്നു.
ക്ഷേത്രത്തില്‍ ഭക്തജനത്തിരക്കേറിയിരിക്കുകയാണ്. മലയാളികളാണ് കൂടുതല്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് നടതുറക്കും.രാവിലെ 11.30ന്് ദശഭുജ ഗണപതി മണ്ഡപത്തില്‍ നടക്കുന്ന ചണ്ഡികായാഗത്തോടെ മഹാനവമി ആഘോഷം തുടങ്ങും.
വൈകീട്ട് തന്ത്രി നിത്യാനന്ദ അഡിഗയുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ സുവാസിനിപൂജയും ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ശീവേലി എഴുന്നള്ളിപ്പും നടക്കും. തുടര്‍ന്ന് ദേവീവിഗ്രഹം ചുറ്റമ്പലത്തിനുള്ളില്‍ പുഷ്പംകൊണ്ട് അലങ്കരിച്ച രഥത്തിലേറ്റി പൂജയ്‌ക്കുശേഷം രഥംവലി ആരംഭിക്കും. ദേവീ വിഗ്രഹം സരസ്വതിമണ്ഡപത്തിലെ പൂജയ്‌ക്കുശേഷം ശ്രീകോവിലിലെത്തിച്ച് കലശപൂജ നടത്തുന്നതോടെ രഥോത്സവ ചടങ്ങ് സമാപിക്കും.
വിജയദശമി ദിനമായ നാളെ പുലര്‍ച്ചെ നാലിന് സരസ്വതി മണ്ഡപത്തിന് സമീപത്തെ യാഗശാലയിലാണ് എഴുത്തിനിരുത്തല്‍. വിപുലമായ ഒരുക്കങ്ങളാണ് ഭക്തര്‍ക്കുവേണ്ടി ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ക്ഷേത്രം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
















