ഓട്ടോ ഡ്രൈവറുടെ മരണം
മലയിന്‍കീഴ്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച തിരുവനന്തപുരം, വലിയതുറ, ദേവീ വില്ലയില്‍ ബിജു വിശ്വനാഥന്റെ (38) മരണം കൊലപാതകമാണെന്നതിന്റെ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി വിവരം.
വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ ആള്‍ തന്നെയാണ് കൊലനടത്തിയതെന്ന സൂചനകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ആന്തരികാവയവങ്ങള്‍ മാരകമായ രീതിയില്‍ തകര്‍ത്തും, കൈകാലുകള്‍ അടിചൊടിച്ചും ജീവന്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ടാണ് അജ്ഞാതര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബിജുവിനെ എത്തിച്ചത്.
മലയിന്‍കീഴ് വച്ച് കെട്ടിടത്തിന് മുകളില്‍ നിന്നും വീണുവെന്നായിരുന്നു ആശുപത്രിയില്‍ എത്തിച്ചവര്‍ നല്‍കിയ വിവരം. ചികിത്സ തുടങ്ങും മുന്‍പ് തന്നെ ബിജു വിശ്വനാഥ് മരിച്ചു. ഇതോടെ ആശുപത്രിയില്‍ എത്തിച്ചവര്‍ സ്ഥലം വിട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും മലയിന്‍കീഴ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി ഒരു സൂചനയും ലഭിച്ചില്ല.
ബിജുവിനെ അവശനിലയില്‍ ആശുപത്രിയില്‍ കൊണ്ട് ചെന്നാക്കിയത് രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരും കൂടിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബിജുവിന്റെ ഏറ്റവും അടുത്ത ഒരാളുടെ നിര്‍ദേശപ്രകാരമാണ് ആക്രമണം എന്നും പോലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്.
ഈ സ്ത്രീയുടെ ഫോണ്‍ വിളികള്‍ പോലീസ് പരിശോധിച്ചുവരുന്നുണ്ട്. ആക്രമണത്തിന് ഒപ്പം കൂടിയ ഒരു സ്ത്രീയെ പോലീസ് ഇന്നലെ ചോദ്യം ചെയ്തു. ഇവരില്‍ നിന്നും അന്വേഷണത്തിന് സഹായമാകുന്ന വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്നു സ്ത്രീകള്‍ ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ടു പ്രത്യക്ഷവും, പരോക്ഷവുമായി ഇടപെട്ടിട്ടുണ്ടെന്ന് ബിജുവിന്റെ സഹോദരന്‍ വ്യക്തമാക്കി. ജില്ല പോലീസ് മേധാവി പി. അശോക്കുമാര്‍ നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്നത്.
















