എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു കഥയുണ്ട്. സംഭവം നടക്കുന്നത് അമേരിക്കയില്‍.പണച്ചാക്കുകളായ അംഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ക്ലബ്ബ്. അംഗത്വത്തിനുള്ള പ്രധാന നിബന്ധന മെമ്പര്‍മാരാരും ക്ലബ്ബില്‍ വസ്ത്രം ധരിച്ച് വരാന്‍ പാടില്ലെന്നതാണ്. പിറന്നപടി, നൂല്‍ബന്ധമില്ലാതെ വേണം ആണും പെണ്ണും ക്ലബ്ബില്‍ പെരുമാറാന്‍.
ആട്ടും പാട്ടും കുടിയും കൂത്താട്ടവുമൊക്കെ മുഖ്യപരിപാടികള്‍. അങ്ങനെയിരിക്കെ ഒരിക്കല്‍ ക്ലബ്ബിന്റെ വാര്‍ഷികം വന്നു. ഭാരവാഹികള്‍ യോഗംചേര്‍ന്ന് ഗംഭീര ആഘോഷങ്ങള്‍ തീരുമാനിക്കുന്നു. സമൂഹത്തില്‍ ഏറെ നിലയും വിലയുമുള്ള ഒരു പ്രൊഫസറെ ഉദ്ഘാടകനായി കണ്ടെത്തി അനുവാദവും വാങ്ങി. പ്രൊഫസര്‍ക്ക് ക്ലബ്ബിന്റെ രീതികളും നിബന്ധനകളുമൊക്കെ നല്ലതുപോലെ നേരത്തേ തന്നെ അറിയാം.
ആഘോഷദിവസം വീട്ടില്‍നിന്ന് ഉദ്ഘാടനച്ചടങ്ങിലേക്ക് പോകാനായി പ്രൊഫസര്‍ പൂര്‍ണ്ണ നഗ്‌നനായാണ് കാറില്‍ തിരിച്ചത്. നഗ്‌നരുടെ ക്ലബ്ബല്ലേ, അവരുടേതായ ‘വേഷ’ത്തില്‍ത്തന്നെ ചെന്ന് ഉദ്ഘാടിച്ചു കയ്യടി നേടിക്കളയാമെന്ന് പ്രൊഫസറങ്ങു തീരുമാനിക്കുകയായിരുന്നു. ചടങ്ങ് നടക്കുന്ന ഹാളിന്റെ വേദിയോട് ചേര്‍ന്ന് കാര്‍ നിര്‍ത്തി നേരേ അകത്തോട്ട് കടന്നുചെന്ന പ്രൊഫസര്‍ ഞെട്ടിത്തരിച്ചു.
സദസ്യരെല്ലാവരും വളരെ മാന്യമായി വസ്ത്രം ധരിച്ചാണ് വന്നിരിക്കുന്നത്. ആണ്ടില്‍ മുഴുവന്‍ ദിവസങ്ങളിലും ഉടുതുണിയുരിഞ്ഞു വരുന്നവരാണെങ്കിലും സമൂഹത്തില്‍ ഏറെ അംഗീകാരമുള്ളൊരാള്‍ ഉദ്ഘാടകനായെത്തുന്ന ചടങ്ങില്‍, ഈയൊരു ദിവസം മാത്രം എല്ലാവരും വസ്ത്രം ധരിച്ചെത്തണമെന്ന് അംഗങ്ങള്‍ മൊത്തം തീരുമാനിക്കുകയായിരുന്നു. പാവം പ്രൊഫസറുടെ അവസ്ഥ ഊഹിക്കാമല്ലോ? മറ്റുള്ളവരുടെ കയ്യടി നേടാനായി സ്വന്തം ഐഡന്റിറ്റി കളഞ്ഞു കുളിച്ച് നാണക്കേടിലായ ഈ പ്രൊഫസറുടെ സ്ഥാനമാണ് കേരള രാഷ്‌ട്രീയത്തില്‍ ഇന്ന് സിപിഎമ്മിനുള്ളത്.
ആശയസ്ഥിരതയില്ല, പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ല, എന്തൊക്കെ ചെയ്യണമെന്ന് ഒരെത്തും പിടിയുമില്ല! ഒരുകാലത്ത് തള്ളിപ്പറഞ്ഞതിനെയൊക്കെയും കണ്ണുംപൂട്ടി വാരിപ്പുണരുകയാണ് സഖാക്കളിപ്പോള്‍. അനഭിമതരായിരുന്ന വിവേകാനന്ദനും നേതാജിയും ശ്രീനാരായണഗുരുവുമൊക്കെ പാര്‍ട്ടി പ്രചാരണ ബോര്‍ഡുകളിലെ നിറസാന്നിദ്ധ്യമായി മാറി.
കാറല്‍ മാര്‍ക്‌സിനേയും ഏംഗല്‍സിനേയും ലെനിനേയുമൊക്കെ പടിക്ക് പുറത്താക്കിയപ്പോള്‍ ചട്ടമ്പിസ്വാമികളും ബസവേശ്വരനും ശങ്കരാചാര്യരുമൊക്കെ പകരക്കാരായി പാര്‍ട്ടി സമ്മേളനങ്ങളിലെ പന്തലുകളില്‍ അലങ്കാര ചിത്രങ്ങളായിത്തീര്‍ന്നു.
ഒരിക്കല്‍ പരിഹസിച്ച് അവഹേളിച്ചിരുന്ന ഗണേശോത്സവവും ശ്രീകൃഷ്ണ ജയന്തിയുമൊക്കെ ഏറ്റെടുത്ത് നടത്താന്‍ മാത്രമുള്ള ആശയ പാപ്പരത്തത്തിലേക്ക് വഴുതിവീണിരിക്കുന്നു ‘വിഖ്യാതരായ’ ഈ സ്വയം പ്രഖ്യാപിത വിപ്ലവകക്ഷിക്കാര്‍!
സ്വതന്ത്രചിന്തയുടേയും പുരോഗമനവാദത്തിന്റേയുമൊക്കെ വക്താക്കളും പ്രയോക്താക്കളുമൊക്കയായി ചമഞ്ഞ് ഏറെ ഒച്ചപ്പാടുണ്ടാക്കുന്ന കോമ്രേഡുകള്‍ക്ക് പക്ഷെ, സ്വതന്ത്രമായൊന്ന് മൂത്രമൊഴിക്കണമെങ്കില്‍ പോലും പാര്‍ട്ടിയുടെ അനുമതിയില്ലാതെ പറ്റില്ലെന്നതാണ് കടകംപള്ളിയുടെ ജന്മാഷ്ടമി തൊഴല്‍ വിവാദത്തിലൂടെ പുറത്തുവരുന്ന തമാശ. സ്വന്തം ഭാര്യയെ പ്പോലും എവിടെ കൊണ്ടുപോകണം, എവിടെയൊക്ക കൊണ്ടുപോകരുത് എന്നൊക്കെ നിശ്ചയിക്കാന്‍
അധികാരം പാര്‍ട്ടിക്ക്! ഇവരാണ് ‘ഒരാള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശ’മെന്നൊക്കെ ഗീര്‍വ്വാണം മുഴക്കുന്നത്.
സ്വന്തം ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമെന്ന് സ്വയം വിധിയെഴുതിയ ഒരു കാര്യവും ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി ഏറ്റെടുത്താഘോഷിക്കുകയോ, അനഭിമതരെന്ന് കരുതുന്ന ഏതെങ്കിലും വ്യക്തികളേയോ നേതാക്കളേയോ നിലനില്‍പ്പിനായി എടുത്ത് ചുമലില്‍ കേറ്റിവെയ്‌ക്കുകയോ ചെയ്യേണ്ട ഗതികേട് ഏതായാലും ‘സംഘി’കള്‍ക്കുണ്ടായിട്ടില്ല.
തലപോയാലും ശരി, ആദര്‍ശ വിരുദ്ധവും ആശയസ്ഥിരതയില്ലാത്തതുമായ അത്തരമൊരു നടപടി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല.
കടകംപള്ളി സഖാവിന്റെ ഭക്തിമാര്‍ഗ്ഗ വ്യതിയാനത്തെ ചോദ്യം ചെയ്യുന്നത് സംഘപരിവാര്‍ മുതലെടുത്തേക്കുമെന്നു ഭയന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതരായ നേതൃത്വം ആകെ ഇതികര്‍ത്തവ്യതാ മൂഢരായി നില്‍ക്കുകയാണ്.
ആസൂത്രിതമായി പ്രശ്‌നങ്ങളുണ്ടാക്കി ജന്മാഷ്ടമി ശോഭായാത്രകള്‍ അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവരാണ് മാനവികതയുടേയും സഹിഷ്ണുതയുടേയുമൊക്കെ വക്താവ് ചമയുന്നത്. സ്വന്തം നാട്ടില്‍ ഒരു യുവാവിനെ ബോംബെറിഞ്ഞ് വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തിയശേഷം അതിന്റെ വാര്‍ഷിക ദിനത്തില്‍ അതേ സ്ഥലത്ത് തെരുവു നായ്‌ക്കളെ വെട്ടിക്കൊന്ന് കെട്ടിത്തൂക്കി ‘സഹിഷ്ണുതയും മാനവികതയും’ കാട്ടിയവരാണ് അങ്ങ് കര്‍ണ്ണാടകയിലെ ഗൗരി ലങ്കേഷ് വധത്തിനെതിരെ പ്രതികരിക്കാന്‍ നടക്കുന്നത്.
















