നെടുമങ്ങാട്: നിരവധി ദേശീയ, അന്തര്‍ദേശീയ നീന്തല്‍താരങ്ങളെ സൃഷ്ടിച്ച ആനാട് പഞ്ചായത്തിലെ വേങ്കവിളയിലുള്ള നീന്തല്‍ക്കുളത്തിന് അവഗണന.
1996ലാണ് നീന്തലിലൂടെ സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം കായികപ്രേമികള്‍ റോയല്‍ എന്നപേരില്‍ നീന്തല്‍ ക്ലബ്ബ് തുടങ്ങിയത്. കാല്‍ നൂറ്റാണ്ടിനിടെ നിരവധി കായിക പ്രതിഭകള്‍ ഈ കുളത്തില്‍ പിറവിയെടുത്തു. ആനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും നെടുമങ്ങാട് നഗരസഭയില്‍ നിന്നുമായി 140 കുട്ടികള്‍ ഇവിടെ നീന്തല്‍ പരിശീലനത്തിന് എത്തുന്നുണ്ട്. ഇത്രയേറെ പ്രാധാന്യങ്ങളുണ്ടായിരുന്നിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, മാറിവരുന്ന എംഎല്‍എ മാരോ ഈ നീന്തല്‍കുളത്തെ കണ്ടമട്ടില്ല.
കാണേണ്ടവര്‍ കാണാത്തതുകൊണ്ടു കുളത്തിന് ദുരിത കാഴ്ചകള്‍ മാത്രം. കുട്ടികള്‍ക്ക് വസ്ത്രം മാറുന്നതിന് സുരക്ഷിതമായൊരിടമില്ല. ശൗചാലയത്തിന്റെ കാര്യവും വ്യത്യസ്ഥമല്ല. കുളത്തിനോട് ചേര്‍ന്നുള്ള കെട്ടിടമാകട്ടെ ചോര്‍ന്നൊലിക്കുന്നു. തകര്‍ന്നു കിടന്ന കുളത്തിനെ ഈ വര്‍ഷമാദ്യം രക്ഷിതാക്കള്‍ ഒരുലക്ഷംരൂപവരെ ശേഖരിച്ച് പാര്‍ശ്വഭിത്തികെട്ടി നവീകരിക്കുകയായിരുന്നു.
കല്പ്പടവുകള്‍ തകര്‍ന്നു കിടന്നതിനാല്‍ നീന്താനിറങ്ങുന്ന കുട്ടികള്‍ക്ക് എന്നും അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഇതൊഴിവാക്കാനാണ് രക്ഷിതാക്കള്‍ മുന്നിട്ടിറങ്ങിയത്. പരിശീലകരായി മൂന്നുപേരുണ്ട്. ഇവര്‍ക്കു കുട്ടികളില്‍ നിന്നും സ്വരൂപിക്കുന്ന പണം കൊണ്ടാണ് ശമ്പളം കൊടുക്കുന്നത്. കുട്ടിയൊന്നിന് 200രൂപ ഫീസ് വാങ്ങിയാലെ ശമ്പളം കൊടുക്കാനാവു. വെള്ളം ശുദ്ധീകരിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളൊന്നുമില്ല. 64സെന്റ് വസ്തുവിലാണ് കുളവും പരിസരവും.
ഈസ്ഥലം സംരക്ഷണ വേലികെട്ടി തിരിക്കാന്‍ പോലും ഗ്രാമപഞ്ചായത്ത് മുന്നോട്ടു വന്നിട്ടില്ല. രാവിലെ പരിശീലനം കഴിഞ്ഞ് കുട്ടികളും, രക്ഷിതാക്കളും പോയിക്കഴിഞ്ഞാല്‍ സമൂഹവിരുദ്ധന്‍മാരുടെ താവളമാണ് കുളവും പരിസരവും. കന്നുകാലികളെ കുളിപ്പിക്കാനായി കുളത്തില്‍ കൊണ്ട് വരുന്നവരുമുണ്ട്. വസ്ത്രങ്ങള്‍ അലക്കാനെത്തുന്നവരും കുറവല്ല. ഈ പരിമിതികളെയെല്ലാം അവഗണിച്ചാണ് കുട്ടികള്‍ രാവിലേയും വൈകുന്നേരവുമായി ഇവിടെ പരിശീലനത്തിനെത്തുന്നത്.
















