കോഴിക്കോട്: ആയുര്‍വേദരംഗത്തെ വ്യാജ ചികിത്സകര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി 26ന് വ്യാജവൈദ്യവിരുദ്ധ ദിനം ആചരിക്കും. ജില്ലാ കളക്‌ട്രേറ്റുകള്‍ക്കു മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വ്യാജചികിത്സകര്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം. അംഗീകൃത യോഗ്യതയുള്ളവരുടെ വിശദവിവരങ്ങള്‍ മെഡിക്കല്‍ കൗണ്‍സില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മനോജ് കാളൂര്‍, സമരസമിതി ചെയര്‍മാന്‍ ഡോ.സി.ആര്‍. മഹിപാല്‍, മറ്റു ഭാരവാഹികളായ ഡോ.കെ. വിപിന്‍ദാസ്, ഡോ.വി.ജി. ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















