തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍-ബന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് 24 ന് ഞായറാഴ്ചയാണ് ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരത്ത് എത്തുന്നത്. 25നും 26നും അദ്ദേഹം തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. 27 ന് കൊച്ചിയിലെ പരിപാടിക്കു ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തും. 28 ന് തിരുവനന്തപുരത്തുനിന്നാണ് അദ്ദേഹം ഷാര്‍ജയ്ക്ക് തിരിച്ചുപോകുന്നത്.
കേരളം സന്ദര്‍ശിക്കാനുളള ക്ഷണം സ്വീകരിച്ചതിനും കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി-ലിറ്റ് സ്വീകരിക്കാന്‍ സമ്മതിച്ചതിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു.
ചര്‍ച്ചയില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍-സാബി, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തില്‍, ഐടി സെക്രട്ടറി എം. ശിവശങ്കര്‍, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന് എന്നിവരും പങ്കെടുത്തു.
















