കോഴിക്കോട്: എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാംഗത്വം നഷ്ടപ്പെടാന്‍ സാധ്യത. ശരദ്‌യാദവ് പക്ഷത്തോട് ചേരുകയാണെങ്കില്‍ എം.പി. വീരേന്ദ്രകുമാറിനെ അയോഗ്യനാക്കണമെന്ന് രാജ്യസഭാ ചെയര്‍മാനോട് ആവശ്യപ്പെടുമെന്നാണ് ജനതാദള്‍ (യു) ദേശീയ നേതൃത്വം നല്‍കുന്ന സൂചന. സപ്തംബര്‍ 24ന് ചെന്നൈയില്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും തുടര്‍ന്ന് ഭാവി നടപടികള്‍ പ്രഖ്യാപിക്കുമെന്നും ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറിയും വക്താവുമായ കെ.സി. ത്യാഗി പറഞ്ഞു.
നിതീഷ്‌കുമാറിനോട് അനുഭാവമുള്ള സംസ്ഥാന നേതാക്കള്‍ ചൈന്നൈ യോഗത്തില്‍ പങ്കെടുക്കും. ഒക്‌ടോബര്‍ എട്ടിന് ദല്‍ഹിയില്‍ നടക്കുന്ന ശരദ്‌യാദവ് പക്ഷത്തിന്റെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വീരേന്ദ്രകുമാര്‍ പങ്കെടുക്കുകയാണെങ്കില്‍ തമിഴ്‌നാട്ടിലെ വിമത എഐഎഡിഎംകെ എംഎല്‍എ മാര്‍ക്ക് നേരിട്ട അതേ സ്ഥിതിയായിരിക്കും വീരേന്ദ്രകുമാറിനുമെന്നാണ് ജനതാദള്‍(യു) നേതൃത്വം വ്യക്തമാക്കുന്നത്.
എന്നാല്‍ രാജ്യസഭാംഗത്വം അയോഗ്യമാക്കാന്‍ എളുപ്പമല്ലെന്ന് ജനതാദള്‍ യു ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് പറഞ്ഞു. കേരളത്തില്‍നിന്നുള്ള 34 ദേശീയ കൗണ്‍സില്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. തങ്ങളാണ് യഥാര്‍ത്ഥ ജനതാദള്‍ എന്ന അവകാശവാദമുന്നയിച്ച് രാജ്യസഭാംഗത്വം നിലനിര്‍ത്താനുള്ള തന്ത്രമായിരിക്കും പാര്‍ട്ടി സ്വീകരിക്കുക.
















