കണ്ണൂര്‍: കണ്ണൂരില്‍ പശുക്കുട്ടിയെ പരസ്യമായി കഴുത്തറുത്ത് കൊന്ന് ഗോമാംസം സൗജന്യമായി വിതരണം ചെയ്തതിന് പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയെ തിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദം.
കോണ്‍ഗ്രസ്സിനെ ദേശീയ തലത്തില്‍ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ഇത്. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് സച്ചിന്‍ റാവു, എന്‍എസ്‌യു കോഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ കനിഷ്‌ക സിങ്, സൂരജ് ഹെഗ്‌ഡെ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിജില്‍ മാക്കുറ്റിയെ തിരിച്ചെടുക്കേണ്ടെന്ന് ഹൈക്കമാന്റ് തീരുമാനിച്ചത്.
സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ സിപിമ്മിലേക്ക് പോകുമെന്ന് റിജില്‍ മാക്കുറ്റി ഭീഷണി മുഴക്കിയിരുന്നു. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചില്ല.
തുടര്‍ന്നാണ് കഴിഞ്ഞമാസം ദല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാല്‍ എംപിയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ റിജില്‍ മാക്കുറ്റിയുമായി ബന്ധപ്പെട്ട് ഭാവിയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ സസ്‌പെന്‍ഷന്‍ നടപടി പുന:പരിശോധിക്കാമെന്നും പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ആലോചിച്ച് മറുപടിപറയാമെന്ന് രാഹുല്‍ ഗാന്ധിയോട് മറുപടി പറഞ്ഞെങ്കിലും പിന്നീട് ഇതില്‍ നിന്ന് ചെന്നിത്തല പിന്‍മാറുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം നടത്തിയത് വിവാദമാവുകയും ഒരുവിഭാഗം ഹൈക്കമാന്റിന് നേരിട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു. ചില പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
സംസ്ഥാന നേതൃത്വം ഇടപെട്ടാണ് അന്ന് നടപടിയില്‍ നിന്നും റിജില്‍ മാക്കുറ്റിയ സംരക്ഷിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ഡിസിസി ഓഫീസ് അക്രമിച്ചതിന് പിന്നില്‍ റിജില്‍ മാക്കുറ്റിയാണെന്ന് യൂത്ത് കോണ്‍ഗ്രസ്സിലെ തന്നെ~ഒരു വിഭാഗം ആരോപണവുമായി രംഗത്ത് വന്നിരുന്നു.
















