കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിക്ക് രജിസ്‌ട്രേഷനോ ബൈലോയോ ഇല്ലാത്തതിനാല്‍ സംഘടനയില്‍നിന്ന് ആര്‍ക്കും ആരേയും പുറത്താക്കാനുള്ള അവകാശമില്ലെന്നും അത്തരം നടപടിക്ക് യാതൊരു നിയമപ്രാബല്യവും ഇല്ലെന്നും വി.ജെ.സെബാസ്റ്റ്യന്‍. ജില്ലയിലുണ്ടാകുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഒരുകൂട്ടായ തീരുമാനമെടുക്കുന്നതിന് വേണ്ടി ജില്ലയിലെ എട്ട് സംഘടനകളുടെ ഭാരവാഹികള്‍ ഉള്‍പ്പെട്ട കൂട്ടായ്‌മയാണ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയെന്ന് അദ്ദേഹം പറഞ്ഞു. 2001 ല്‍ കമ്മറ്റി ഉണ്ടായകാലഘട്ടം മുതല്‍ കഴിഞ്ഞ 17 വര്‍ഷമായി വി.ജെ. സെബാസ്റ്റ്യനായിരുന്നു ചെയര്‍മാന്‍. നിര്‍ണായകമായ പല പ്രശ്‌നങ്ങളും ജില്ലയില്‍ ഉണ്ടായപ്പോള്‍ എല്ലാസംഘടനകളും യോജിച്ച് നിന്ന് പ്രവര്‍ത്തിക്കുകയും പലനേട്ടങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അഭിപ്രായ വ്യത്യാസമുണ്ടായാല്‍ സംഘടനയില്‍നിന്ന് സ്വയം പിരിഞ്ഞുപോവുകയോ അഭിപ്രായത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനോ സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ നിലവില്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ഡിഎ കുടിശിക നല്‍കാനാവില്ലെന്ന് വി.ജെ.സെബാസ്റ്റ്യന്‍ പറഞ്ഞു. 22ന് ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ സമരത്തിന് തീരുമാനിച്ചിരിക്കുകയാണ്. പുതുതായി സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആനുകൂല്യം നല്‍കാനാവില്ലെന്നും ജീവനക്കാര്‍ സമരത്തില്‍നിന്ന് പിന്മാറണമെന്നും വി.ജെ.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. പി.കെ.പവിത്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















