തിരുവനന്തപുരം: ചികിത്സയുടെ ഭാഗമായി റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നു രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചത് വിന്‍ഡോ പീരീഡില്‍ രോഗബാധ കണ്ടെത്താനുള്ള സംവിധാനം ആര്‍സിസിയില്‍ ഇല്ലാത്തതുകൊണ്ടാണെന്ന് കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (കെഎസ്എസിഎസ്). സംവിധാനത്തിന്റെ അപര്യാപ്തയാണ് ഇവിടെ തിരിച്ചടിയായത്.
ഇല്ലാത്ത സംവിധാനത്തിന്റെ പേരില്‍ ആര്‍സിസിക്ക് മേല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിവ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ആര്‍സിസിയുടെ നടപടികളില്‍ പിഴവില്ലെന്നും സൊസൈറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
വിന്‍ഡോ പീരീഡില്‍ രോഗബാധ കണ്ടെത്താനുതകുന്ന ആത്യാധുനിക ന്യൂക്ലിക് ആസിഡ് പരിശോധന ആര്‍സിസിയിലും സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ലഭ്യമാക്കണമെന്ന ശുപാര്‍ശയും കെഎസ്എസിഎസ് ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. കുട്ടിക്ക് രക്തം നല്‍കിയത് 49 പേരില്‍ നിന്നാണ്. ഇവ ശരിയായ പരിശോധനയ്‌ക്ക് വിധേയമാക്കി രക്തം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് നല്‍കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, രക്തം നല്‍കിയ ആളുകളെ തിരിച്ചറിഞ്ഞ് അവരുടെ രക്തമെടുത്ത് പരിശോധനയ്‌ക്ക് നല്‍കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയേക്കും. ആര്‍സിസിയുടെ സാങ്കേതിക പിഴവല്ല സംഭവത്തിന് പിന്നിലെന്നാണ് ആര്‍സിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
















