തൃശൂര്‍: കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് വിവാദമാകുന്നു. പീഡനത്തിനിരയായ നടി സ്വന്തം നാട്ടുകാരിയായിട്ടുകൂടി ഇതുവരെ കെപിഎസി ലളിത നടിയെ സന്ദര്‍ശിച്ചിരുന്നില്ല.
മുഖ്യപ്രതിയായ ദിലീപിനെ സന്ദര്‍ശിക്കാന്‍ ലളിത ഒരു മണിക്കൂറോളം ജയിലിന് പുറത്ത് കാത്തുനില്‍ക്കുകയും ചെയ്തു. ഇതോടെ ലളിതയുടെ നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
സിപിഎം പ്രവര്‍ത്തകരും സഹയാത്രികരും ലളിതയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. അക്കാദമി അദ്ധ്യക്ഷ പദവിയിലിരിക്കുന്ന ഒരാള്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് ലളിതയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സിപിഎമ്മിനുള്ളില്‍ വിമര്‍ശനമുണ്ട്. ഇന്നലെ തൃശൂരിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് കെപിഎസി ലളിത തന്റെ നിലപാട് വിശദീകരിച്ചതായാണ് വിവരം.
അതേസമയം ലളിതയുടെ വിശദീകരണത്തില്‍ പാര്‍ട്ടി ഘടകങ്ങള്‍ തൃപ്തരല്ല. ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയോട് ആലോചിക്കാതെ ലളിത ജയില്‍ സന്ദര്‍ശനം നടത്തിയത് തെറ്റായെന്ന അഭിപ്രായക്കാരാണ്. ദിലീപിനെ അനുകൂലിച്ച് എംഎല്‍എമാരായ മുകേഷും ഗണേഷ്‌കുമാറും രംഗത്തുവന്നതിന്റെ ക്ഷീണം മാറുംമുമ്പാണ് കെപിഎസി ലളിതയുടെ ജയില്‍ സന്ദര്‍ശന വിവാദം.
















