കൊച്ചി: സംസ്ഥാനത്തെ ഉള്‍നാടന്‍ ജലപാത വികസനം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും 2020-ല്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും കമ്പനി ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്‍. സിയാലിന്റെ ഓഹരിയുടമകളുടെ 23-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഹരിയുടമകള്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 25% ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശയ്‌ക്ക് യോഗം അംഗീകാരം നല്‍കി. കോവളം മുതല്‍ കാസര്‍കോഡ് വരെ ഉള്‍നാടന്‍ ജലപാത വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും സിയാലും ചേര്‍ന്ന് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപവത്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കമ്പനിയുടെ 49% വീതം ഓഹരികള്‍ സംസ്ഥാന സര്‍ക്കാരും സിയാലും വഹിക്കും. ബാക്കി രണ്ടുശതമാനം ചെറുകിട നിക്ഷേപകര്‍ക്ക് അനുവദിക്കും. ഉള്‍നാടന്‍ ജലപാതയിലൂടെ യാത്രക്കാരുടേയും വലിയ തോതിലുള്ള ചരക്കുകളുടേയും നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി പ്രധാന ടൂറിസം, വാണിജ്യ കേന്ദ്രങ്ങളില്‍ ബോട്ട് ജെട്ടികള്‍, ഹോട്ടലുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കും. ടൂറിസം പാക്കേജുകള്‍ ഏറ്റെടുത്ത് നടത്തുവാനും ഉദ്ദേശ്യമുണ്ട്. 2020-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിയാല്‍ അഭിമാനാര്‍ഹമായ നേട്ടമാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കൈവരിച്ചത്. സിയാലും ഉപകമ്പനിയായ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയ്ല്‍ സര്‍വീസ് ലിമിറ്റഡും ചേര്‍ന്ന് 669.09 കോടി രൂപ മൊത്തവരുമാനം നേടി. 179.45 കോടി രൂപയാണ് സിയാലിന്റെ ലാഭം.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 89.4 ലക്ഷമാണ്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 25.99 ശതമാനവുമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച. 2003-04 സാമ്പത്തികവര്‍ഷം മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. ഇത്തവണ കൂടിയാകുമ്പോള്‍ മൊത്തം 203% ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് ലഭിക്കും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങാനായി. ദേശീയപാതയില്‍ നിന്നുള്ള 4.3 കി.മി റോഡ് നാലുവരിയായി വികസിപ്പിച്ചു.
സിയാലിന്റെ സൗരോര്‍ജ സ്ഥാപിതശേഷി 23.2 മെഗാവാട്ടായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തുകൂടിയുള്ള കനാലിന്റെ മുകളില്‍ 5.9 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. സൗരോര്‍ജ പ്ലാന്റിന്റെ മൊത്തം ശേഷി 40 മെഗാവാട്ടായി ഉയര്‍ത്താനാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. സിയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിയാല്‍ ഡയറക്ടര്‍മാരായ മന്ത്രി വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, എം.എ. യൂസഫലി, എന്‍.വി. ജോര്‍ജ്, ഇ.എം. ബാബു, കെ. റോയ് പോള്‍, എ.കെ. രമണി, മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ്, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
















