ലക്നൗ: ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രിയിലേക്ക് ഓക്സിജൻ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്നയാൾ അറസ്റ്റിൽ. ആശുപത്രിയില്‍ ഓക്സിജന്‍ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന പുഷ്പാ സേല്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ അറസ്റ്റ് ചെയ്തതോടെ ഈ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളും പോലീസിന്റെ പിടിയിലായി. പ്രാഥമിക അന്വേഷണത്തില്‍ ഓക്സിജന്‍ വിതരണം നിര്‍ത്തിയതോടെയായിരുന്നു കുട്ടികളുടെ മരണം എന്നായിരുന്നു കണ്ടെത്തിയത്. അതിനാല്‍ ഓക്സിജന്‍ വിതരണം ചെയ്തിരുന്ന കമ്പനിക്കു കുടിശിക തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് ആശുപത്രി പ്രിന്‍സിപ്പലിനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. കുടിശ്ശിക തുക നല്‍കാത്തതിനാല്‍ കമ്പനി ഓക്സിജന്‍ വിതരണം അവസാനിപ്പിച്ചതാണു കുട്ടികളുടെ കൂട്ടമരണത്തിനു കാരണമായതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ദാരുണമായ ഈ സംഭവത്തിൽ വിശദമായ അന്വേഷണത്തിനു മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉത്തരവിട്ടിരുന്നു. അതനുസരിച്ച് സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ ഇവരില്‍ ആശുപത്രിയില്‍ ഓക്സിജന്‍ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന പുഷ്പാ സേല്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരി ഒളിവിൽ പോകുകയായിരുന്നു.
















