ഏറ്റുമാനൂര്‍: പേരൂരില്‍ മീനച്ചിലാറിന്റെ തീരപ്രദേശം കയ്യേറിയവരെ ഒഴിപ്പിക്കുന്നതില്‍ റവന്യു അധികൃതര്‍ പരാജയപ്പെടുന്നു.
ആറ്റുതീരത്ത് അളന്നു തിരിച്ചെടുത്ത ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയ ആറ് പേര്‍ക്കെതിരെ മാസങ്ങള്‍ക്ക് മുമ്പ് നടപടി തുടങ്ങിയെങ്കിലും പക്ഷെ എങ്ങുമെത്തിയില്ല. മീനച്ചിലാര്‍ സംരക്ഷണസമിതിയുടെ സമരഫലമായി റവന്യുമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അധികൃതര്‍ കയ്യേറ്റസ്ഥലം അളന്ന് കുറ്റിയടിച്ചത്.
ഏറ്റുമാനൂര്‍ നഗരസഭയുടെ പതിനെട്ടാം വാര്‍ഡില്‍ പേരൂര്‍ വില്ലേജില്‍ പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്ക് പാലം വരെയുള്ള 35 ഏക്കറോളം ആറ്റുതീരമാണ് അന്ന് അളന്ന് തിട്ടപ്പെടുത്തിയത്. ഈ പ്രദേശത്ത് പതിനഞ്ചോളം പേര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തിയിരുന്നു. ഇവരില്‍ ആറ് പേര്‍ സര്‍ക്കാര്‍ വക സ്ഥലം കയ്യേറി വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഇത് പൊളിച്ചു മാറ്റുന്നതിനായി അഡീഷണല്‍ തഹസില്‍ദാരുടെ ഉത്തരവ് ഇവര്‍ക്ക് വില്ലേജ് ഓഫീസര്‍ മുഖേന കൈമാറി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കയ്യേറ്റക്കാര്‍ ഉത്തരവ് പാലിക്കാതെ വന്നതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ അനധികൃതകയ്യേറ്റം നടത്തിയിട്ടുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുവാന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതനുസരിച്ച് കയ്യേറ്റക്കാര്‍ക്കെതിരെ വില്ലേജ് ഓഫീസര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി.
എന്നാല്‍ പുറമ്പോക്ക് കയ്യേറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വില്ലേജ് ഓഫീസര്‍ക്ക് മറുപടി നല്‍കി.
പോലീസും കൈവിട്ടതോടെ കയ്യേറ്റം ഒഴിപ്പിക്കല്‍ ഒരു കീറാമുട്ടിയായി തുടരുകയാണ്.
















