കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് സ്‌കൂള്‍ അനുവദിച്ച് നല്‍കാനാവില്ലെന്ന കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ നിലപാട് വിവാദമാകുന്നു. നിരവധി വര്‍ഷങ്ങളായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘധോഷത്തിന്റെ സമാപനം സ്ഥിരമായി കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളിലാണ് നടക്കാറ്. അപേക്ഷ നല്‍കിയാല്‍ സാധാരണയായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തന്നെ സൗകര്യം അനുവദിക്കുകയാണ് പതിവ്. എന്നാല്‍ ഈവര്‍ഷത്തെ പരിപാടിക്ക് സ്‌കൂള്‍ അനുവദിച്ച് കിട്ടാന്‍ അപേക്ഷ നല്‍കിയപ്പോള്‍ കോര്‍പറേഷന്‍ ഓഫീസില്‍ നിന്ന് അനുമതി വേണമെന്നായിരുന്നു പ്രധാനാധ്യാപകന്റെ നിലപാട്. തുടര്‍ന്ന് കോര്‍പറേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കുകയും ചെയ്തു. അപേക്ഷ പരിഗണിച്ച് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട രേഖ ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മേയറുടെ പരിഗണനക്ക് വിട്ടു. എന്നാല്‍ ബന്ധപ്പെട്ട അപേക്ഷ പരിഗണിക്കാനോ ബാലഗോകുലം പ്രവര്‍ത്തകരോട് സംസാരിക്കാനോ മേയര്‍ തയ്യാറായില്ല. ഒടുവില്‍ മേയറെ നേരിട്ട് കണ്ട ബാലഗോകുലം ഭാരവാഹികളോട് സ്‌കൂള്‍ അനുവദിക്കില്ലെന്ന് മേയര്‍ വ്യക്തമാക്കി. പരിപാടിയുടെ സമാപനത്തിന് വേണ്ടി വൈകുന്നേരം രണ്ട് മണിക്കൂര്‍ മാത്രമേ സ്‌കൂള്‍ ആവശ്യുള്ളു എന്ന് ഭാരവാഹികള്‍ സൂചിപ്പിച്ചെങ്കിലും അനുവദിച്ച് തരാനാവില്ലെന്ന് മേയര്‍ കര്‍ശന നിലപാടെടുത്തു. ഒടുവില്‍ തനിക്ക് മുകളില്‍ നിന്നുള്ള ഉത്തരവാണെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും മേയര്‍ വിശദീകരണം നല്‍കി. എന്നാല്‍ മുകളില്‍ നിന്ന് ഉത്തരവ് നല്‍കിയതാരാണെന്ന് മാത്രം മേയര്‍ വ്യക്തമാക്കിയില്ല.
















