കണ്ണൂര്‍: കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പുതുതായി സജ്ജീകരിച്ച കണ്ടെന്റ് ജനറേഷന്‍ സ്റ്റുഡിയോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കുള്ള പ്രോഗ്രാമുകള്‍, ക്ലാസ്സുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ റെക്കോര്‍ഡ് ചെയ്യുന്നതിനും പ്രോഗ്രാമുകള്‍ തല്‍സമയം വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിനും ഉതകുന്ന നൂതന സംവിധാനങ്ങളടങ്ങിയതാണ് സ്റ്റുഡിയോ. തളിപ്പറമ്പ് മണ്ഡലത്തില്‍ ആരംഭിച്ച സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ ആന്റ് എഡ്യുക്കേഷന്‍ ടെക്‌നോളജി (സിസെറ്റ്) യുടെ ഭാഗമായാണ് പുതിയ സ്റ്റുഡിയോ നിലവില്‍ വന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ സ്‌കൂളുകള്‍, ലൈബ്രറികള്‍ എന്നിവയുമായി തല്‍സമയ ആശയ വിനിമയത്തിനുള്ള സംവിധാനം ഇവിടെയുണ്ട്. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ലൈവ് ഇന്ററാക്ഷന്‍ സാധ്യമാവുമെന്നതാണ് ഈ സ്റ്റുഡിയോയുടെ സവിശേഷത. കേബിള്‍ നെറ്റ്‌വര്‍ക്കിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. വരുംനാളുകളില്‍ ജില്ലയ്‌ക്കകത്തും പുറത്തുമുള്ള കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും തല്‍സമയ ആശയവിനിമയം നടത്താനും ഇതിലൂടെ സാധിക്കും. സിസിടിവി ക്യാമറകള്‍ ഈ കേബിള്‍ ശൃംഖലയുമായി ബന്ധിപ്പിച്ചാല്‍ അവയുടെ റെക്കോഡിംഗും നിരീക്ഷണവും ഇവിടെ വച്ച് സാധ്യമാവും. ഇവിടെ സ്ഥാപിച്ച ഓപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് യൂനിറ്റിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുക. വീഡിയോ, ഓഡിയോ റെക്കോഡിംഗിനുള്ള നൂതന ഉപകരണങ്ങളടങ്ങിയതാണ് സ്റ്റുഡിയോ. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന നീര്‍ത്തടാധിഷ്ഠിത വികസനപദ്ധതികളുടെ പരിശീലനം, ചര്‍ച്ചകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സ്റ്റുഡിയോ സഹായകമാവും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ക്കാവശ്യമായ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാനും സ്റ്റുഡിയോ ഉപയോഗിക്കും.
ഉദ്ഘാടനച്ചടങ്ങില്‍ പി.കെ.ശ്രീമതി എംപി, കെ.കെ.രാഗേഷ് എംപി, ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള ടീച്ചര്‍, കില ഡയരക്ടര്‍ ജോയ് ഇളമണ്‍, എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി ശ്രീകുമാര്‍, സ്റ്റുഡിയോ കോഡിനേറ്റര്‍ ഡോ.സൂരജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
















