തലശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ ചലച്ചിത്ര അവാര്‍ഡ് വിതരണ പരിപാടി സിപിഎമ്മിന്റെ ഒരു പ്രാദേശിക സമ്മേളനം പോലെയാണ് തലശ്ശേരിയില്‍ നടന്നത്. ഇതിനൊരു അപവാദമെന്നോണം കോണ്‍ഗ്രസ് എസിലെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും റവന്യൂമന്ത്രി ചന്ദ്രശേഖരനും വേദിയിലുണ്ടായിരുന്നു. അവാര്‍ഡ് വിതരണം നടന്ന തലശ്ശേരി സ്റ്റേഡിയത്തിലേക്ക് പ്രവേശനം കര്‍ശനമാക്കുമെന്നും പാസ് മുഖേന നിയന്ത്രിക്കുമെന്നുമെല്ലാം ഏറെ പ്രധാന്യത്തോടെ പ്രചാരണം നടത്തിയത് കാരണം ജനങ്ങള്‍ പരിപാടി ഗംഭീരമായിരിക്കുമെന്ന് കരുതിയെങ്കിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രസംഗിക്കുമ്പോള്‍ പോലും സ്റ്റേഡിയത്തിന്റെ നല്ലൊരുഭാഗം കാഴ്ചക്കാരില്ലാതെ അനാഥമായിക്കിടക്കുകയായിരുന്നു. പതിനായിരം പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുളളൂ എന്ന സംഘാടകരുടെ മുന്നറിയിപ്പും പാഴ്‌വാക്കായി മാറി.
ഇന്നലെ സായംസന്ധ്യയില്‍ ഉദ്ഘാടനവേളയില്‍ അയ്യായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഉദ്ഘാടന സമയത്ത് വേദിയിലുണ്ടായിരുന്നതാകട്ടെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍, അധ്യക്ഷനായ എ.കെ.ബാലന്‍, എംപിമാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, എംഎല്‍എമാരായ എ.എന്‍.ഷംസീര്‍, മുകേഷ്, ടി.വി.രാജേഷ് എന്നിവരും സംവിധായകന്‍ കമല്‍, കെ.പി.എ.സി.ലളിത, കെ.വി.സുമേഷ്, സി.കെ.രമേശന്‍ എന്നിവര്‍ മാത്രമായിരുന്നു.
















